പാലാ: ബിവറേജസിന് സമീപം അനധികൃതമായി വിദേശമദ്യ വില്‍പ്പന നടത്തിയിരുന്ന ആളെ എക്സൈസ് അറസ്റ്റ് ചെയ്തു. നീലൂര്‍ സ്വദേശിയായ ബോസി വെട്ടുകാട്ടിലാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് നാലു ലിറ്ററില്‍ കൂടുതല്‍ വിദേശമദ്യം പിടിച്ചെടുത്തു.

ബിവറേജസില്‍ ക്യൂ നില്‍ക്കാതെ മദ്യം നല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ ഒരാള്‍ അനധികൃത മദ്യവില്‍പ്പന നടത്തുന്നതായി പാലാ എക്സൈസ് റേഞ്ച് ഓഫീസില്‍ രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് തുടര്‍ന്ന് പ്രിവന്‍്റീവ് ഓഫീസറായ സി. കണ്ണന്‍ ബിവറേജസിനടുത്ത് മദ്യം വാങ്ങാന്‍ എന്ന വ്യാജേന പരിശോധനയ്‌ക്കെത്തി.

ഇതിനിടെ മദ്യം വാങ്ങാന്‍ എത്തിയ ആള്‍ക്ക് ബോസി ആളറിയാതെ 100 രൂപാ കൂടുതല്‍ വാങ്ങി മദ്യം നല്‍ക്കുകയായിരുന്നു. മഫ്തിയില്‍ മറഞ്ഞു നിന്ന മറ്റൊരു പ്രിവന്‍്റീവ് ഓഫീസര്‍ ആനന്ദ് രാജും സംഘവും ചേര്‍ന്ന് ഉടന്‍ തന്നെ ഇയാളെ പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലും, കയ്യില്‍ കരുതിയിരുന്ന സഞ്ചിയിലും ഉണ്ടായിരുന്ന മദ്യക്കുപ്പികള്‍ എക്സൈസ് പിടിച്ചെടുത്തു.