ന്യൂഡല്‍ഹി: ജനങ്ങളുടെ സഹകരണത്താല്‍ രാജ്യത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനത കര്‍ഫ്യൂ മുതല്‍ കൊറോണക്കെതിരെ രാജ്യം പോരാട്ടം ആരംഭിച്ചു. സ്ഥിതി മെച്ചപ്പെട്ടെങ്കിലും കൊറോണ നമുക്ക് ഇടയില്‍ തന്നെയുണ്ടെന്ന് ഓര്‍മ്മ വേണം എന്നും അദ്ദേഹം പറഞ്ഞു.
മികച്ച രോഗമുക്തി നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. മരണനിരക്ക് കുറവാണ്. ഇന്ത്യയിലെ 10 ലക്ഷം ആളുകളില്‍ 5,500 പേരാണ് രോഗബാധിതരാകുന്നത്. എന്നാല്‍, അമേരിക്കയിലും ബ്രസീലിലും ഇത് 25,000ത്തിന് മുകളിലാണ്. 10 ലക്ഷം ആളുകളില്‍ 83 പേരാണ് ഇന്ത്യയില്‍ മരിക്കുന്നതെങ്കില്‍ അമേരിക്ക, ബ്രസീല്‍, സ്പെയ്ന്‍, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ 600ലധികം ആളുകളാണ് മരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ 90 ലക്ഷം കിടക്കകളാണ് കൊറോണ രോഗികള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. 12,000 ക്വാറന്റൈന് കേന്ദ്രങ്ങളുമുണ്ട്. പരിശോധന ലാബുകളുടെ എണ്ണം 2000ത്തിന് മുകളിലാണെന്നും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ് നമ്മുടെ ശക്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാ രാജ്യങ്ങളും വാക്സിന് നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാജ്യത്ത് എത്രയും പെട്ടെന്ന് വാക്സിന് നിര്‍മ്മിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.