കൊച്ചി: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീങ്ങിയ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തി​െന്‍റ ക്രിക്കറ്റ്​ മൈതാനത്തിലേക്കുള്ള തിരിച്ചുവരവ്​ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അടുത്തമാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന പ്രസിഡന്‍റ്​സ് ട്വന്‍റി 20 ടൂര്‍ണമെന്‍റിലൂടെ. ശ്രീശാന്തിനെ കളിപ്പിക്കാന്‍ അനുമതി തേടി ബി.സി.സി.ഐക്ക് കെ.സി.എ കത്തയച്ചു. ഔദ്യോഗിക നടപടിയുടെ ഭാഗമായാണ്​ കത്തയച്ചതെന്നും രണ്ടുദിവസത്തിനകം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ പറഞ്ഞു.

2013 ഐ.പി.എല്‍ വാതുവെപ്പില്‍ കുറ്റക്കാരനെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ ശ്രീശാന്തിന്​ വിലക്ക്​ വീണത്​. 2018ല്‍ കേരള ഹൈകോടതി ആജീവനാന്ത വിലക്ക് ഒഴിവാക്കി. 2019ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം ബി.സി.സി.ഐ ഒംബുഡ്‌സ്മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. കഴിഞ്ഞ സെപ്​റ്റംബര്‍ 13ന് വിലക്ക് അവസാനിച്ചു. ഇത്​ ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിനെ കളിപ്പിക്കാന്‍ അനുമതി തേടി കെ.സി.എ കത്തയച്ചത്.

2013 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഫിറ്റ്‌നസ് തെളിയിക്കുകയും പ്രസിഡന്‍റ്​സ് ലീഗില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്​താല്‍ ശ്രീശാന്തിന് കേരള രഞ്ജി ടീമിലേക്ക് വഴിയൊരുങ്ങും. പ്രസിഡന്‍റ്​സ് ടൂര്‍ണമെന്‍റില്‍ ആറു ടീമുകളാണ് പങ്കെടുക്കുക. രഞ്ജി ടീം, കെ.സി.എയുടെ എലൈറ്റ് ടൂര്‍ണമെന്‍റുകള്‍, മുന്‍ അണ്ടര്‍-23 താരങ്ങള്‍ എന്നിവയില്‍നിന്നാണ്​ താരങ്ങളുടെ തെരഞ്ഞെടുപ്പ്. ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരായിരുന്ന ഡ്രീം ഇലവ​െന്‍റ പിന്തുണയോടെ ലീഗ് ഫോര്‍മാറ്റിലാണ്​ ടൂര്‍ണമെന്‍റ്​.