ചെന്നൈ: പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പതുകാരനെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയ 23കാരിയായ വീട്ടമ്മയെ വെറുതേ വിട്ട് തമിഴ്‌നാട് പൊലീസ്. തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെടുന്നതിന് ഇടയില്‍ യുവതി അക്രമിയെ തള്ളിമാറ്റി. പാറയില്‍ തല ഇടിച്ചുവീണ ഇയാള്‍ അപ്പോള്‍ തന്നെ മരിക്കുകയായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് പൊലീസ് നിഗമനം.

സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാല്‍ ഐപിസി 100-ാം വകുപ്പു പ്രകാരം സ്റ്റേഷന്‍ ജാമ്യത്തില്‍ യുവതിയെ പൊലീസ് വിട്ടയച്ചു. ഭര്‍ത്താവുമൊത്ത് ചെറിയ വീട്ടിലാണ് ഇവരുടെ താമസം. പ്രദേശത്തെ ഫിഷ് ഫാമിലാണ് ജോലി. ജോലി സ്ഥലത്തുനിന്ന് മടങ്ങുമ്പോഴാണ് യുവതിയെ പിന്നില്‍ നിന്നും ആക്രമിച്ച ഇയാള്‍ ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നടന്ന പിടിവലിയിലാണ് യുവതി അയാളെ പിടിച്ചുതള്ളുന്നത്. തലയിടിച്ചുവീണ യുവാവിന്റെ ബോധം പോയി. ഇയാളെ വലിച്ച്‌ യുവതി റോഡിലെത്തിച്ചു. ശേഷം ഭര്‍ത്താവിനെ വിവരം അറിയിച്ചു.

ഫാമിലെ ജോലിക്കാരെല്ലാം അക്രമിയെ കാണാനെത്തി. ഇവിടെയുള്ള ഒരു കമ്പനിയിലും ജോലി ചെയ്യാത്ത വ്യക്തിയാണിതെന്ന് അവര്‍ പറഞ്ഞു. വിവരം അറിയിച്ചത് പ്രകാരം പൊലീസ് എത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അക്രമിയെ രണ്ടുദിവസമായി മേഖലയില്‍ കാണുന്നു എന്ന് ചിലര്‍ മൊഴി നല്‍കി. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് കരുതുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

തിരുവള്ളൂര്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. യുവതി സ്വയരക്ഷാര്‍ഥമാണ് അങ്ങനെ ചെയ്തതെന്നും കൊലപാത ഉദ്ദേശത്തോടെ അല്ല എന്നും വിലയിരുത്തിയ പൊലീസ് സെക്ഷന്‍ 100 (സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം) പ്രകാരം കേസെടുത്തു. യുവതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോട്ടത്തിനായി മാറ്റി. കഴിഞ്ഞ ജനുവരിയിലും സമാനമായ സംഭവം ഇവിടെ നടന്നിരുന്നു.

ഭയന്നുപോയ യുവതി നേരെ വീട്ടിലേയ്ക്ക് പോയി. എന്നാല്‍ മൃതദേഹം കണ്ടെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. അന്വേഷണം ആരംഭിച്ചതോടെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. സാഹചര്യം വ്യക്തമായതോടെ പൊലീസ് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മരിച്ച യുവാവ് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.