കോവിഡ് -19 മഹാമാരി ആരംഭിച്ചതുമുതല്‍ ഇന്‍ഡോര്‍ ഗെയിമുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, ടെലിവിഷന്‍ എന്നിവയില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നതിനാല്‍ വീട്ടില്‍ വിരസത അനുഭവിക്കുകയാണ് കുട്ടികള്‍. എന്നാല്‍ ഈ ദുരിത കാലത്ത് പോലും അവരില്‍ ചിലര്‍ മറഞ്ഞിരിക്കുന്ന കഴിവുകള്‍ എന്താണെന്ന് കണ്ടെത്തുകയും അവ പൊതുജന മധ്യേ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.

കോയമ്ബത്തൂരില്‍ നിന്നുള്ള ഏഴുവയസ്സുകാരനായ ഒരു ബാലന്‍ ആണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. റിതു എന്ന ഈ ബാലന്‍ തന്റെ സ്പൂഫ് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏവരുടേയും പ്രശംസയ്ക്കു പാത്രമാകുകയാണ്‌. സംഭാഷണങ്ങള്‍ കാണാതെ പഠിക്കാനും അവ അഭിനയിക്കാനുമുള്ള അവന്റെ കഴിവ് തിരിച്ചറിഞ്ഞ റിതുവിന്റെ പിതാവ് ജോതി രാജ് അത്ഭുതപ്പെട്ടു. കോവിഡ്-19 രാജ്യത്തെയാകമാനം നിശ്ചലമാക്കിയ ലോക്ക് ഡൗണ്‍ സമയത്ത്, റിതുവിനെ വിരസതയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍, അത്തരത്തിലുള്ള വീഡിയോകള്‍ സൃഷ്ടിക്കാന്‍ പിതാവ് അവനെ പ്രോത്സാഹിപ്പിച്ചിരുന്നു. ജോതിരാജ് തമദ മീഡിയയുമായി സഹകരിച്ച്‌ റിതു സൃഷ്ടിക്കുന്ന വീഡിയോകള്‍ പങ്കിടുന്നതിനായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു.

വളരെക്കാലം ഇത്തരത്തിലുള്ള വീഡിയോകള്‍ സൃഷ്ടിച്ച ശേഷം, ഈ ഏഴുവയസ്സുകാരന്‍ ഷോര്‍ട്ട് സ്കിറ്റുകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയും ആ ആശയം പിതാവിനോട് പങ്കിടുകയും ചെയ്തു. ഒരു പരീക്ഷണമെന്ന നിലയില്‍, ഈ അച്ഛനും മകനും കൂടി വാര്‍ത്താ റിപ്പോര്‍ട്ടിംഗിനെ ആസ്പദമാക്കി ഒരു സ്പൂഫ് വീഡിയോ സൃഷ്ടിച്ചു. വീഡിയോക്ലിപ്പില്‍ കുട്ടി തന്നെ ഒരു ആങ്കറായും ഫീല്‍ഡ് റിപ്പോര്‍ട്ടറായും ഒരു സാധാരണക്കാരനായും പല വേഷങ്ങളില്‍ അഭിനയിച്ചു. എല്ലാ വേഷങ്ങളും തികഞ്ഞ പൂര്‍ണതയോടെ അഭിനയിച്ച റിതുവിന്റെ, തമിഴ് പദങ്ങളുടെ വ്യക്തമായ ഉച്ചാരണം മറ്റേതൊരു കുട്ടിയേക്കാളും മികച്ചതായിരുന്നു. റിഥുവിന്റെ മിഴിവ്, സൂക്ഷ്മതയേറിയ ഓര്‍മശക്തി എന്നിവയുടെ തെളിവാണ് ഇപ്പോള്‍ ചാനലില്‍ ലഭ്യമല്ലാത്ത എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള സ്കിറ്റ് നമുക്ക് കാണിച്ചുതരുന്നത്.

തന്റെ യൂട്യൂബ് ചാനല്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടതില്‍ സന്തോഷം പ്രകടിപ്പിച്ച റിതു ഇന്ത്യാ ടുഡേയുമായുള്ള തന്റെ ഭാവി പദ്ധതിയെക്കുറിച്ചും സംസാരിച്ചു. തന്റെ യൂട്യൂബ് ചാനല്‍ വിജയമാകുന്നതിലും കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ഉണ്ടാകുന്നതിലും സന്തോഷമുണ്ടെങ്കിലും ഒരു ബഹിരാകാശയാത്രികനാകാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന് റിതു പറഞ്ഞു. നിലവില്‍, ഈ ഏഴുവയസ്സുകാരന്റെ ചാനലായ ‘റിതു റോക്ക്സില്‍’ 98,000-ലധികം വരിക്കാരാണുള്ളത്.

മകന്റെ യൂട്യൂബ് ചാനലിലുള്ള ജനങ്ങളുടെ അപ്രതീക്ഷിത പ്രതികരണമാണ് അമ്മ ആശയെ അമ്ബരപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തങ്ങളുടെ കുട്ടിക്ക് ഇത്രയേറെ പ്രശസ്തി കിട്ടുന്നത് ഉള്‍ക്കൊള്ളാന്‍ തന്റെ കുടുംബം ഇനിയും തയ്യാറായിട്ടില്ലെന്ന് അവര്‍ തുറന്നു പറയുകയുണ്ടായി.