തിരുവനന്തപുരം : കേരള പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടിക്രമം (Standard Operating Procedure- SOP) തയാറാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്‌ഒപി തയാറാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ പൊലീസ് ആക്‌ട് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്ക വന്‍തോതില്‍ ഉയര്‍ന്നതിനിടെയാണ് പൊലീസ് മേധാവിയുടെ വിശദീകരണം. പുതിയ ഭേദഗതി മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്ന് ആരോപണം ഉയര്‍ന്നു വന്നിരുന്നു. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിട്ടുണ്ട്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സാമൂഹ്യ- വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്റ്റില്‍ ഭേദഗതിയിലുള്ളത്.