ചെന്നൈ: നടന്‍ വിജയ് യുടെ പേരിലുള്ള രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്‍മാറിയതായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതായി ചന്ദ്രശേഖര്‍ അറിയിച്ചു.

നടന്‍ വിജയ് അച്ഛന്റെ ഈ നീക്കത്തില്‍ എതിര്‍പ്പറിയിച്ച്‌ രംഗത്തെത്തിയതോടെയാണ് പിന്‍മാറ്റം. വിജയ് യുടെ ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കത്തിന്റെ പേരിലാണ് ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. എന്നാല്‍ ഈ നീക്കവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ ആരാധകരാരും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തികരുതെന്നും വിജയ് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

നിരവധി ഘട്ടങ്ങളില്‍ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാം എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സമമായ ഘടനയോടെ തന്നെ പ്രവര്‍ത്തിക്കുന്ന ആരാധക സംഘമാണ് വിജയ്ക്ക് ഉള്ളത്.