തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ മാറ്റം ജനങ്ങളില്‍ ഉണ്ടാകണമെന്ന് സുരഷ് ഗോപി എംപി. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് മികച്ച വിജയം നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര ബിജെപി തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളില്‍ ഉണ്ടാകണം. ശക്തമായ ഭരണം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്. കേരളത്തിലെവിടെയൊക്കെ ബിജെപിക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതാണ് മറ്റ് പാര്‍ട്ടികള്‍ ബിജെപിയെ ഭയക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടക്കം പല സ്ഥലങ്ങളിലും ഇത്തവണ ഭരണം പിടിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. കോര്‍പ്പറേഷനില്‍ വികസനത്തിന് തടസ്സം നില്‍ക്കുന്ന ഇടതു മുന്നണി ഭരണത്തിന് അന്ത്യം കുറിക്കേണ്ടതുണ്ട്. അഴിമതി രഹിത ഭരണത്തിനായി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.