സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമ ഭേദഗതിയെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. യു.എ.പി.എ ഉപയോഗിച്ച് കേരളത്തില്‍ കേസെടുക്കില്ല എന്ന് മുന്‍പ് പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വീട്ടില്‍ സൂക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു.എ.പി.എ ചുമത്തി പീഡിപ്പിച്ചതെന്നും, നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രിയെന്നും വി.ടി ബല്‍റാം മറുപടിയായി ചോദിച്ചു.

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്നും മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എയും നേതാവുമായ വി.ടി ബല്‍റാം രംഗത്തുവന്നത്.
പുതിയ പൊലീസ് നിയമ ഭേദഗതി പ്രകാരം ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാകും. വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.
കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, ഇവ രണ്ടും കൂടി ഒരുമിച്ചോ ഒടുക്കേണ്ടി വരും. എന്നാല്‍ ഇതില്‍ സമൂഹ മാധ്യമങ്ങള്‍ എന്ന് പ്രത്യേക പരാമര്‍ശം ഇല്ല. എല്ലാ വിനിമയോപാധികള്‍ക്കും ഇത് ബാധകമാണ്.