ന്യൂയോര്‍ക്ക് :യൂണിയന്‍ സ്‌ക്വയറില്‍ യുവതിയെ സബ് വേ ട്രാക്കിലേക്ക് തള്ളിയിട്ട ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. ട്രെയിന്‍ സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കുന്നതിനിടെയാണ് ഇന്ത്യന്‍ വംശജനായ 24 കാരന്‍ യുവതിയെ സബ് വേ ട്രാക്കിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചത്.

ആദിത്യ വേമുലപതിയാണ് അറസ്റ്റിലായത്. കൊലപാതകശ്രമം, അശ്രദ്ധമായ അപകടം, എന്നിവയ്ക്ക് കേസ് ചാര്‍ജ് ചെയ്തു. ഡിസംബര്‍ 4 വരെ ആദിത്യയെ തടവിലാക്കാന്‍ ജഡ്ജി ഉത്തരവിട്ടു. സബ് വേ സ്റ്റേഷനിലെ വീഡിയോ ഫൂട്ടേജുകളില്‍ നിന്ന് യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവതിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് വ്യക്തമായിട്ടുണ്ട്. ലിലിയാന ലാനോസ് എന്ന യുവതിയെയാണ് ആദിത്യ തള്ളിയിട്ടത്.

ലാനോസ് ഹെഡ്ഫോണുകള്‍ വച്ച്‌ ബൈബിള്‍ ഭാഗങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നു. അതിനിടയിലാണ് ലാനോസിന് നേരെ ആക്രമണം ഉണ്ടായത്. ‘ട്രെയിന്‍ സ്റ്റേഷനിലേക്ക് എത്തുന്ന സമയം കണക്കാക്കിക്കൊണ്ട് ആദിത്യ കാത്തിരിക്കുന്നത് വീഡിയോയില്‍ കാണാം, ട്രയിന്‍ സ്റ്റേഷനില്‍ പ്രവേശിച്ച സമയത്ത് ആദിത്യ ലാനോസിനെ ട്രാക്കിലേക്ക് തള്ളിവിട്ടു, റോള്‍ ബെഡിനും റെയിലുകള്‍ക്കുമിടയിലാണ് ലാനോസ് വീണത്. ഭാഗ്യവശാല്‍ ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ‘ എന്‍.വൈ.പി.ഡി ചീഫ് ഓഫ് ട്രാന്‍സിറ്റ് ക്യാപ്റ്റന്‍ കാത്ലീന്‍ ഓ റെയ്ലി പറഞ്ഞു.

യുവതിയെ തള്ളിയിട്ട ശേഷം പൊലീസ് സമീപിക്കുന്നത് കണ്ട് ആദിത്യ പ്ലാറ്റ്‌ഫോമില്‍ കിടന്നു. ആദിത്യ വൈകാരികമായി അസ്വസ്ഥനാണെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലെത്തിച്ച ലാനോസിന്റെ തലയ്ക്കും ശരീരത്തിനും ചെറിയ മുറിവുകളുണ്ടായിരുന്നു.