കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ അരി കൃത്യസമയത്ത് റേഷന്‍ കടകള്‍ക്ക് നല്‍കാതെ, വിതരണം അട്ടിമറിക്കാന്‍ ഭക്ഷ്യവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമക്കുന്നു. എന്‍എഫ്‌എസ്‌എ ഗോഡൗണില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് തോന്നുന്ന വിധത്തിലാണ് അരി വിതരണം. ഇതുമൂലം ചില കടകളില്‍ അരി മിച്ചം വരും, ചില കടകള്‍ക്ക് തികയുന്നുമില്ല. ചില കാര്‍ഡ് ഉടമകള്‍ക്ക് അരി ലഭിക്കാത്ത സാഹചര്യവുമുണ്ടാകുന്നു. ലോക്ഡൗണ്‍ കാലത്ത് മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി നല്‍കാന്‍ കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യത്തിന്റെ തൂക്കത്തില്‍ വ്യത്യാസമുണ്ടെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചുവെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതിയില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്ബും നല്‍കാന്‍ കേന്ദ്രം അനുവദിച്ചതിന്റെ അളവിലാണ് വ്യത്യാസമുണ്ടെന്ന് പറയുന്നത്. കേന്ദ്ര സൗജന്യ റേഷന്‍ ലഭിക്കുന്നില്ലെന്ന് ചില സ്ഥലങ്ങളിലെ കാര്‍ഡ് ഉടമകളില്‍നിന്നു പരാതി ലഭിച്ചതോടെ കുറ്റം കേന്ദ്ര സര്‍ക്കാരില്‍ ചുമത്തി രക്ഷപ്പെടാനാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ നീക്കം. പരിശോധനയില്‍ വിഹിതമായി ലഭിച്ച ഗോതമ്ബിന്റെ അളവില്‍ കുറവും, അരിയില്‍ അല്‍പ്പം കൂടുതലും കണ്ടെത്തി എന്നാണ് പറഞ്ഞത്. ആളോഹരി കണക്കാക്കിയാല്‍ ആകെ ലഭിച്ച ഗോതമ്ബ് ഒരാള്‍ക്ക് ഒരു കിലോഗ്രാം നല്‍കാന്‍ തികയില്ലത്രേ. എന്നാല്‍, അരി നാല് കിലോയില്‍ അല്‍പം കൂടുതലുണ്ട്. അരി കൂടുതല്‍ ഉണ്ടായിട്ടും നിരവധി കുടുംബങ്ങള്‍ക്ക് മെയ്, ജൂണ്‍ മാസത്തില്‍ ലഭിച്ചില്ല. 1.54 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 77,400 ടണ്‍ ധാന്യം കേന്ദ്രം നല്‍കുന്നുണ്ട്. മഞ്ഞ (5.94 ലക്ഷം), പിങ്ക് (33.08 ലക്ഷം) എന്നിങ്ങനെ ആകെ 39.05 ലക്ഷം മുന്‍ഗണനാ വിഭാഗം കാര്‍ഡുകളിലായി 1.54 കോടി ആളുകള്‍ക്ക് സൗജന്യമായി നല്‍കാനാണ് ഭക്ഷ്യധാന്യം കേന്ദ്രം അനുവദിച്ചത്.

അരിയും ഗോതമ്ബും കൂടി 77,400 ടണ്‍ ആണ് ഓരോ മാസവും കേന്ദ്രം അനുവദിക്കുന്നത്. ഇതില്‍ മെയ്, ജൂണ്‍ മാസങ്ങളിലേക്കായി ആദ്യ അലോട്ട്‌മെന്റ് എന്ന നിലയില്‍ 1,54,800 ടണ്‍ കേരളത്തിന് അനുവദിച്ചു. ഇതില്‍ 1,26,488 ടണ്‍ അരിയും 28,312 ടണ്‍ ഗോതമ്ബുമായിരുന്നു. രണ്ടു മാസത്തെ സ്റ്റോക്ക് ഒന്നിച്ചു ലഭിച്ചതിനാല്‍ മെയ് മാസത്തെ വിതരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 14,615.79 ടണ്‍ ഗോതമ്ബും, 59,399.89 ടണ്‍ അരിയും ഉള്‍പ്പെടെ ആകെ 74,015.68 ടണ്‍ (95.62%) ധാന്യം മെയില്‍ വിതരണം ചെയ്തു. പ്രതിസന്ധി വന്നത് ജൂണില്‍. എന്നാല്‍, ജൂണില്‍ 58,314.54 ടണ്‍ അരിയും, 12,980.26 ടണ്‍ ഗോതമ്ബും ഉള്‍പ്പെടെ ഇതുവരെ 71294.80 ടണ്‍ (92.11%) ഭക്ഷ്യധാന്യമാണ് കേരളത്തിലെ മുന്‍ഗണന വിഭാഗം കാര്‍ഡ് ഉടമകള്‍ക്കു ലഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പറയുന്ന ഈ കണക്കുകള്‍ പ്രകാരം മെയ് മാസത്തെ വിതരണത്തില്‍ 3385 ടണ്ണും, ജൂണ്‍ മാസത്തിലെ മിച്ചം 6106 ടണ്ണും ഭക്ഷ്യധാന്യം സംസ്ഥാന സര്‍ക്കാര്‍ കൈവശമുണ്ട്. എന്നിട്ട് കേന്ദ്രം ഗോതമ്ബ് വിഹിതം കുറച്ചു എന്ന് പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്.

റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ മൈനസ് ബില്ലിങ് സമ്ബ്രദായം നടപ്പാക്കി ഈ പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.