തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അംഗീകാരം. പോലീസ് നിയമത്തില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തതാണ് ഭേദഗതി.

കേരള പോലീസ് നിയമത്തില്‍ 118 (എ) എന്ന പുതിയ വകുപ്പ് ഉള്‍ക്കൊള്ളുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതായി ഖാന്റെ ഓഫീസ് ശനിയാഴ്ച സ്ഥിരീകരിച്ചു. വകുപ്പ് പ്രകാരം ഏതെങ്കിലും ആശയവിനിമയത്തിലൂടെ ഏതെങ്കിലും വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ വിവരങ്ങള്‍ സൃഷ്ടിക്കുകയോ അയയ്ക്കുകയോ ചെയ്യുന്നയാള്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്തും.

വ്യക്തികളെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചുവരുന്ന ദുരുപയോഗമാണ് തീരുമാനത്തിന് വഴികാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ ഭേദഗതി പൊലീസിന് കൂടുതല്‍ അധികാരം നല്‍കുക വഴി മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമെന്ന് ആശങ്കയുണ്ട്.

ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ അനൂപ് കുമാരന്‍ പറഞ്ഞു. “118 (എ) വകുപ്പ് ആളുകളെ, പ്രത്യേകിച്ച്‌ സ്ത്രീകളെ സോഷ്യല്‍ മീഡിയ ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ വാസ്തവത്തില്‍, പുതിയ നിയമം അധികാരികളെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കും, “അദ്ദേഹം പറഞ്ഞു.

2000ലെ ഐടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

കോവിഡ് -19 ആരംഭിച്ചതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ കുറ്റകൃത്യങ്ങള്‍, വ്യാജ പ്രചാരണം, വിദ്വേഷ പ്രസംഗം എന്നിവ ഉയര്‍ന്നതായി ഇടതുപക്ഷ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. കേരള പോലീസ് നിയമത്തിലെ സെക്ഷന്‍ 118 (ഡി) യും ഐടി നിയമത്തിലെ സെക്ഷന്‍ 66-എയും സുപ്രീം കോടതി റദ്ദാക്കിയെങ്കിലും അവ മാറ്റിസ്ഥാപിക്കാന്‍ കേന്ദ്രം മറ്റ് നിയമ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വാദിച്ചിരുന്നു. “ഈ സാഹചര്യത്തില്‍, സോഷ്യല്‍ മീഡിയയിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പോലീസിന് കഴിയില്ല,” സര്‍ക്കാര്‍ അവകാശപ്പെട്ടു.