ന്യൂഡല്‍ഹി: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ മഹാമാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം കൊറോണയെ വേഗം മറികടക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പതിനഞ്ചാമത് ജി 20 ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സാമ്പത്തിക ഉണര്‍വിനൊപ്പം തൊഴില്‍ മേഖല കൂടി മെച്ചപ്പെടേതുണ്ട്. സാങ്കേതികവിദ്യയും സുതാര്യതയും വിശ്വാസ്യതയും അടിസ്ഥാനമാക്കിയുള്ള ആഗോള സൂചിക മുന്നോട്ട് വെയ്‌ക്കേണ്ടതിന്റെ ആവശ്യകത ഉച്ചകോടിയില്‍ ചര്‍ച്ച ചെയതു.

സുതാര്യതയോടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധികള്‍ക്കെതിരെ ആത്മവിശ്വാസത്തോടെ പോരാടാന്‍ സമൂഹത്തെ പ്രചോദിപ്പിക്കും. വിശ്വാസീയത ഭൂമിയില്‍ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെര്‍ച്വല്‍ ഉച്ചകോടിയില്‍ ആതിഥേയത്വം വഹിച്ച സൗദി അറേബ്യയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ജി 20 നേതാക്കളുമായി വളരെ ഫലപ്രദമായ ചര്‍ച്ചയാണ് നടത്തിയതെന്നും ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുടെ ശ്രമഫലമായി പകര്‍ച്ച വ്യാധിയില്‍ നിന്നും വേഗത്തില്‍ കരകയറാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.