തൃശ്ശൂര്‍ : കൊരട്ടിയില്‍ യുവാവിനെ കനാലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ സുഹൃത്തുക്കളായ അനില്‍, വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കള്ളു ഷാപ്പില്വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
രണ്ട് ദിവസം മുന്‍പാണ് വലിയ വീട്ടില്‍ എബിനെ പടിഞ്ഞാറേ അങ്ങാടിയിലെ ഇറിഗേഷന്‍ കനാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊരട്ടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണം ഭയന്ന് അയല്‍ സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
സംഭവ ദിവസം എബിന്, അനില്‍, വിജിത്ത് എന്നിവര്‍ ഷാപ്പില് ഒരുമിച്ച് കള്ളുകുടിക്കുകയായിരുന്നു. ഇതിനിടെ എബിന് ബാക്കി രണ്ട് പേരുടെയും പണവും മൊബൈലും മോഷ്ടിച്ചു. ഇതേ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം കയ്യാങ്കളിയിലെത്തി. മര്‍ദ്ദനമേറ്റ് അവശനായ എബിനെ ഇരുവരും ചേര്‍ന്ന് കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ എബിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിജിത്തും, അനിലും.