തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം വര്‍ദ്ധിക്കുമെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും അടക്കം കര്‍ശനം നിയന്ത്രങ്ങള്‍ പാലിച്ചാല്‍ മാത്രമേ രോഗ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനാകുമെന്ന് കേരള സാമൂഹിക സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ പറഞ്ഞു. രോഗികളുടെ എണ്ണം നിലവില്‍ കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാം വരവ് ഏത് സമയത്തും ഉണ്ടാകമെന്ന മുന്നറിയിപ്പും ആരോഗ്യവിദഗ്ദര്‍ നല്‍ക്കുന്നുണ്ട്.

ഒക്്‌ടോബര്‍ 17 മുതലുള്ള കണക്ക് പ്രകാരം കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതാണ് കാണുന്നത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുകാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് വരുന്നതോടുകൂടി ഗ്രാഫ് താഴേക്ക് പോകുന്നതിന് മുമ്പ് രണ്ടാംവരവിന്റെ സാധ്യതയാണ് മുന്നില്‍ കാണുന്നത്. ദില്ലിയില്‍ സമാനമായ രണ്ടാം വരവാണ് സംഭവിച്ചത്. ഇത് കേരളത്തിനുള്ള മുന്നറിയിപ്പാണ്. യൂറോപ്പിലെ രാജ്യങ്ങളില്‍ കൊവിഡിന്റെ ഒന്നും രണ്ടും ഘട്ടത്തില്‍ മൂന്ന് നാല് മാസത്തെ സാവകാശം ലഭിച്ചിരുന്നു. എന്നാല്‍ ദില്ലിയില്‍ ഇത് ലഭിച്ചിരുന്നില്ല.

തിരഞ്ഞെടുപ്പ് കാലത്ത് സ്വീകരിക്കേണ്ട മുന്നറിയിപ്പുകളെ കുറിച്ച്‌ വിശദീകരിച്ചിട്ടും തിരഞ്ഞെടുപ്പ് രംഗത്ത് ഇത് പാലിക്കുന്നില്ലെന്ന് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ പ്രചാരണത്തിന് പോകുന്നവരും വീട്ടിലുളളവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതും സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്താന്‍ പാടില്ലാത്തതുമാണ്. കൂടാതെ പ്രചാരണത്തിന് പോകുന്നവര്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, 60 വയസ്സിന് മുകളിലുളളവര്‍, മറ്റ് അസുഖങ്ങള്‍ ഉളളവര്‍ എന്നിവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കേണ്ടതാണ്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 5772 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 66,856 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 4,88,437 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,749 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,330 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1846 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.