ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ഉള്‍പ്പെടെ ഏഴു പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി ഗവര്‍ണര്‍ക്ക് കത്തയച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ നേരിട്ടു പങ്കില്ലാതിരുന്നിട്ടും 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്നു വിജയ് സേതുപതി, സംവിധായകരായ ഭാരതിരാജ, വെട്രിമാരന്‍, അമീന്‍, പാ രഞ്ജിത്, പൊന്‍വണ്ണന്‍, മിഷ്കിന്‍, നടന്‍മാരായ സത്യരാജ്, പ്രകാശ് രാജ്, പേരറിവാളന്റെ മാതാവ് അര്‍പുതമ്മാള്‍ എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു. ഗവര്‍ണറോട് ഇക്കാര്യം അഭ്യര്‍ഥിക്കുന്ന വിഡിയോയും പങ്കുവച്ചു.