ന്യൂയോര്‍ക്ക് : ടിബറ്റിലെ പുറത്താക്കപ്പെട്ട ഭരണകൂടത്തിന്റെ തലവന്‍ ലൊബ്സാംഗ് സാന്‍ഗെയ് ആദ്യമായി യു.എസിലെ വൈറ്റ് ഹൗസില്‍ സന്ദര്‍ശനം നടത്തി. ആറ് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ടിബറ്റന്‍ നേതാവ് വൈറ്റ് ഹൗസ് സന്ദര്‍ശനം നടത്തുന്നത്. യു.സ് – ചൈന ബന്ധം വഷളാകുന്നതിനിടെയാണ് വൈറ്റ് ഹൗസില്‍ ടിബറ്റന്‍ നേതാവുമായി ചര്‍ച്ച നടന്നത്.

സെന്‍ട്രല്‍ ടിബന്‍ അഡ്മിനിസ്ട്രേഷന്റെ പ്രസിഡന്റായ സാന്‍ഗെയ്‌യുടെ വൈറ്റ് ഹൗസ് സന്ദര്‍ശനം ചരിത്രപരമായ ചുവട്‌വയ്പെന്നാണ് അധികൃതര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം,​ ടിബറ്റന്‍ മേഖലയുടെ മേല്‍നോട്ടത്തിനായി അമേരിക്ക നിയമിച്ച റോബര്‍ട്ട് ഡെസ്ട്രോയുമായി സാന്‍ഗെയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ആറുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഒരു ടിബറ്റന്‍ നേതാവുമായി ചര്‍ച്ച നടത്തിയത്.

സാന്‍ഗെയ്‌യുമായി നടത്തിയ ചര്‍ച്ചയുടെ ഔദ്യോഗിക വിവരങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. 2011ല്‍ സെന്‍ട്രല്‍ ടിബന്‍ അഡ്മിനിസ്ട്രേഷന്റെ തലവനായതിന് പിന്നാലെ ഒരു ഡസനിലേറെ തവണ സാന്‍ഗെയ്‌ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി വെളിപ്പെടുത്താത്ത സ്ഥലങ്ങളില്‍ വച്ച്‌ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ആഴ്ചയും സാന്‍ഗെയ്‌ യു.എസ് ഉദ്യോഗസ്ഥരുമായി വെര്‍ച്വല്‍ മീറ്റിംഗുകള്‍ നടത്തിയിരുന്നു.

അതേ സമയം, ടിബറ്റന്‍ നേതാക്കളെ കൂടെ നിറുത്താനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ചൈന അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ യു.എസ് ശ്രമിക്കുന്നതായാണ് ബീജിംഗ് ആരോപിക്കുന്നത്.