പത്തനംതിട്ട: ശബരിമലയില്‍ ഈ തീര്‍ത്ഥാടന കാലത് ഇതാദ്യമായി ഇന്ന് 2000 ഭക്തര്‍ക്ക് ദര്‍ശനം. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ കൊറോണ ക്രമീകരണങ്ങളോടെ സന്നിധാനത്ത് പ്രവേശിപ്പിക്കാം എന്നാണ് ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും വിലയിരുത്തല്‍. തീര്‍ത്ഥടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ദേവസ്വം ബോര്‍ഡ് ശനി, ഞായര്‍ പൊതു അവധി ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കാണ് വെര്‍ച്ച്‌വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്യാന്‍ അവസരം ഒരുക്കിയിരുന്നത്.

കൊറോണ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഭക്തര്‍ക്ക് പ്രവേശനമനുവദിക്കാതിരുന്നതിന് ശേഷം ഇത് ആദ്യമായാണ് ഇത്രയും തീര്‍ത്ഥാടകര്‍ മല ചവിട്ടുന്നത് . നിലവില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള തീര്‍ത്ഥാടനം സുഗമമായി പുരോഗമിക്കുന്നുവെന്നാണ് ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും വിലയിരുത്തല്‍. നട തുറന്ന ദിവസം മുതല്‍ എല്ലാ ദിവസവും 1000 പേര്‍ ശരാശരി ദര്‍ശനം നടത്തി ഇതിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഡിജിപി എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. പ്രധാനമായും നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലെ കൊറോണ പരിശോധന സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും തിര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.