ചണ്ഡിഗഡ്: ഹരിയാനയില്‍ 180ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നവംബര്‍ 30 വരെ സ്കൂളുകള്‍ അടഞ്ഞു കിടക്കും. നവംബര്‍ രണ്ടിന് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നേരത്തെ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സംസ്ഥാനത്ത് സെപ്റ്റംബറിലും ഒക്ടോബറിലും കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലായിരുന്നു സ്കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള ക്ലാസുകളാണ് പുനരാരംഭിച്ചത്.

എന്നാല്‍ 180 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്കൂളുകള്‍ ഈ മാസം അവസാനം വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ ജില്ലകളിലെ കുട്ടികള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

വിദ്യാര്‍ത്ഥികളില്‍ കോവിഡ് ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ സ്കൂളുകള്‍ അണുവിമുക്തമാക്കാനുളള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.