ചെന്നൈ: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട് സന്ദര്‍ശിക്കും. സര്‍ക്കാര്‍ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനു ഏറെ പ്രസക്‌തിയുണ്ട്. രാജ്യത്ത് ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് ഒരുതരത്തിലും അനുകൂലമല്ല തമിഴ് മണ്ണ്. അതുകൊണ്ട് തന്നെ ബിജെപിയെ സംസ്ഥാനത്ത് വളര്‍ത്താനുള്ള രാഷ്‌ട്രീയ തന്ത്രങ്ങള്‍ അമിത് ഷാ മെനഞ്ഞേക്കും.

അണ്ണാ ഡിഎംകെയുമായി സഖ്യം തുടരണമോ എന്നടക്കമുള്ള കാര്യങ്ങള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനം ബിജെപിക്ക് വേണ്ടി മാത്രമുള്ളതാണെന്നും സംസ്ഥാനത്ത് യാതൊരു ചലനവും സൃഷ്‌ടിക്കില്ലെന്നുമാണ് അണ്ണാ ഡിഎംകെ അടക്കം അവകാശപ്പെടുന്നത്. അണ്ണാ ഡിഎംകെയുമായി ബിജെപിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തില്‍ സഖ്യം ഇനി തുടരണമോ എന്ന കാര്യത്തില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ആലോചനകള്‍ നടക്കും. സംസ്ഥാനത്ത് സ്വാധീനം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ ബിജെപി നടത്താന്‍ നോക്കിയ വേല്‍ യാത്ര അണ്ണാ ഡിഎംകെ സര്‍ക്കാര്‍ തടഞ്ഞത് ഏറെ ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി ഷാ കൂടിക്കാഴ്‌ച നടത്തും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിക്ക് ലഭിച്ചത് നാല് ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ്.

ഇന്ന് ഉച്ചയോടെ ചെന്നെെയിലെത്തുന്ന അമിത് ഷാ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷമാണ് മടങ്ങുക. അമിത് ഷാ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.