വാഷിങ്​ടണ്‍: യു.എസിലെ ലൂസിയാനയിലെ റിയല്‍ എസ്​റ്റേറ്റ്​ ഏജന്‍റായ ഡാരെന്‍ ജെയിംസും കുടുംബവും എന്താണ്​ സംഭവിച്ചതെന്നറിയാതെ ഞെട്ടലിലായിരുന്നു. കാരണം ഇവരുടെ ബാങ്ക്​ അക്കൗണ്ടില്‍ നിക്ഷേപമായെത്തിയത്​ 50 ബില്ല്യണ്‍ ഡോളറും (5000 കോടി ഡോളര്‍). എന്നാല്‍, ഇവര്‍ക്ക്​ കോടീശ്വരപട്ടം അനുഭവിക്കാന്‍ സാധിച്ചത്​ നിമിഷങ്ങള്‍ മാത്രമാണ്​.

ബാങ്ക്​ തെറ്റായി നിക്ഷേപിച്ചതായിരുന്നു 50 ബില്ല്യണ്‍ ഡോളര്‍. തങ്ങളുടെ അക്കൗണ്ടില്‍ വലിയ തുക നിക്ഷേപമായെത്തിയെന്ന ഭാര്യയുടെ വിളി വന്നപ്പോള്‍ തന്നെ എന്തോ പിശക്​ സംഭവിച്ചുവെന്ന്​ ഉറപ്പുണ്ടായിരുന്നതായി​ ഡാരന്‍ ജെയിംസ്​ പറയുന്നു.

പണം തങ്ങളുടേതല്ല എന്ന്​ അറിയാമായിരുന്നു. അജ്ഞാതനായ ധനികനായ അമ്മാവന്‍ നിക്ഷേപിച്ചതാണോ എന്ന ആശയക്കുഴപ്പത്തില്‍ വരെ എത്തിയിരുന്നതായി ഫോക്​സ്​ 11 ന്യൂസിനോട്​ ​ജെയിംസ്​ പറഞ്ഞു.

തുടര്‍ന്ന്​, സത്യാവസ്​ഥ അറിയാന്‍ ജെയിംസ്​ ബാങ്കിനെ സമീപിക്കുകയായിരുന്നു. ഇ​തോടെ​ തെറ്റായി ഇത്രയും വലിയ തുക ജെയിംസി​െന്‍റ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന്​ ബാങ്ക്​ അറിയിക്കുകയായിരുന്നു.

‘അക്കൗണ്ടില്‍ നിരവധി പൂജ്യങ്ങള്‍ കാണുന്നത്​ വളരെയേറെ ഭംഗിയായിരുന്നു. അത്​ അവിടെയുണ്ടായിരുന്നപ്പോള്‍ മറ്റൊരു വികാരമായിരുന്നു’ -ജെയിംസ്​ പറഞ്ഞു. തുടര്‍ന്ന്​ ജെയിംസും കുടുംബവും അക്കൗണ്ടിലെത്തിയ തുകയുടെ ചിത്രം എടുത്ത്​ സൂക്ഷിക്കുകയും ചെയ്​തു.

തെറ്റായ നിക്ഷേപത്തില്‍ ബാങ്ക്​ അന്വേഷണം നടത്തുകയും പണം തിരിച്ചെടുക്കുകയും ചെയ്​തു. എന്നാല്‍, ഇത്രയും വലിയ തുക എവിടെനിന്ന്​ വന്നുവെന്ന കാര്യം ബാങ്ക്​ വ്യക്തമാക്കാന്‍ തയാറായിട്ടില്ല.

തെറ്റായ ബാങ്ക്​ നിക്ഷേപത്തിലൂടെ പണം സ്വയം ഉപയോഗിക്കാന്‍ അര്‍ഹതയില്ല. തങ്ങളുടേതല്ലാത്ത പണം ചെലവഴിക്കുന്നത്​ ക്രിമിനല്‍ കുറ്റമായി കണക്കാക്കും.

2019ല്‍ യു.എസില്‍ സമാന സംഭവം അരങ്ങേറിയിരുന്നു. ഒരു യുവതിയുടെ അക്കൗണ്ടിലേക്ക്​ 37 മില്ല്യണ്‍ ഡോളര്‍ ബാങ്ക്​ തെറ്റായി നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന്​, വിവരം ബാങ്കിനെ അറിയിക്കുകയും തെറ്റ്​ പറ്റിയതായി അറിയിക്കുകയുമായിരുന്നു.