കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍. ഇത് ചരിത്രപരമായ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇതു വരെ 32 കോടിയിലധികം പേരാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. ഈ നേട്ടം കൈവരിക്കുന്നതില്‍ മുഖ്യചാലക ശക്തിയായി പ്രവര്‍ത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുത്തുറ്റ നേതൃത്വമാണെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും ഡോ.ഹര്‍ഷ് വര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി. രോഗബാധിതരുടെ എണ്ണത്തില്‍ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നല്ല ലക്ഷണമാണെന്നും എന്നാലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.