കൊച്ചി: സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തായതിന് കാരണം വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍ എന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗവര്‍ണറും സ്പീക്കറും ധനമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേതൃയോഗത്തില്‍ ബിജെപി ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണത്തെ തടസപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശ്രമങ്ങള്‍ നടക്കുന്നതായും ബിജെപി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണനും സഹ പ്രഭാരിയായ സുനില്‍ കുമാറും ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ നേതൃ യോഗമാണ് ഇന്ന് ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു പ്രധാനമായും നേതൃയോഗം കൂടിയത്.

95% സീറ്റുകളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതായും സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ ബിജെപിക്ക് അനുകൂല അന്തരീക്ഷമാണ് ഉണ്ടാക്കുന്നതെന്നും വിജയ സാധ്യത വളരെ വലുതാണെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാന നേതാക്കളെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്‍, ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.