കൊച്ചി: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ചലച്ചിത്ര താര സംഘടനയായ അമ്മയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യം. അമ്മ പ്രസിഡന്റ് മോഹൻലാൽ പങ്കെടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന ആവശ്യം ഉയർന്നത്.

ബിനീഷിനെ പുറത്താക്കണമെന്നാണ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങൾക്ക് രണ്ട് രീതി എന്ന സമീപനത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അതിനാൽ ദിലീപിനെതിരെ സ്വീകരിച്ച അതേ നടപടി എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ബിനീഷിനെതിരെയും സ്വീകരിക്കണമെന്നാണ് യോഗത്തിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

2009 മുതൽ ബിനീഷ് കോടിയേരി അമ്മയിൽ അംഗമാണ്. ആജീവനാന്ത അംഗത്വമാണ് ബിനീഷിന് അമ്മയിലുള്ളത്.