ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. യുവേഫാ നേഷന്‍സ് ലീഗും ലോകകപ്പ് യോഗ്യതാ മത്സരങ്ങളും നടക്കുന്നതുമൂലം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ലീഗ് കളിക്കളങ്ങള്‍ ഉണരുന്നത്.

നാളെ നടക്കുന്ന മത്സരങ്ങളില്‍ ചെല്‍സി, ആസ്റ്റണ്‍ വില്ല, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം എന്നിവര്‍ കളത്തിലിറങ്ങും. സൂപ്പര്‍ പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന ടോട്ടനം-സിറ്റി പോരാട്ടം നാളെ നടക്കും. 8 മത്സരങ്ങളില്‍ നിന്ന് 5 ജയങ്ങളോടെ 17 പോയിന്റുമായി ഹാരീ കെയിന്‍ നായകനായുള്ള ടോട്ടനം രണ്ടാം സ്ഥാനത്താണ്. ഗ്വാര്‍ഡിയോളയുടെ സിറ്റി 7 മത്സരങ്ങളില്‍ മൂന്ന് തോല്‍വി ഏറ്റുവാങ്ങി 12 പോയിന്റോടെ 10 സ്ഥാനത്തേക്ക് വീണിരിക്കുകയാണ്.

ചെല്‍സി നാളെ ന്യൂകാസിലിനോടും ആസ്റ്റണ്‍ വില്ല ബ്രൈറ്റണോഡുമാണ് ഏറ്റുമുട്ടുന്നത്. എട്ടു മത്സരങ്ങളില്‍ 4 ജയവും 3 തോല്‍വിയുമായി ചെല്‍സി അഞ്ചാം സ്ഥാനത്തും ന്യൂകാസില്‍ 13-ാം സ്ഥാനത്തുമാണ്. ആസ്റ്റണ്‍ വില്ല നാളെ ബ്രൈറ്റണെതിരെ കളിക്കും. ലീഗ് പട്ടികയിൽ ആസ്‌ററണ്‍ 7-ാം സ്ഥാനത്തും ബ്രൈറ്റണ്‍ 16-ാം സ്ഥാനത്തുമാണ്.