മുംബൈ: അറബിക്കടലില്‍ നടക്കുന്ന സംയുക്തനാവികസേനാ അഭ്യാസത്തില്‍ ഇന്ന് ഇന്ത്യയുടേയും അമേരിക്കയുടേയും യുദ്ധവിമാനങ്ങളുടെ പരിശീലനം ആകാശം വിറപ്പിച്ചു. കടലില്‍ നങ്കൂരമിട്ട വിമാനവാഹിനികളില്‍ നിന്നും പറന്നുയര്‍ന്ന് ശത്രുക്കളെ ലക്ഷ്യം വയ്ക്കുന്ന അഭ്യാസമുറകളുടെ പരിശീലനമാണ് ഇന്ത്യയുടേയും അമേരിക്കയുടേയും സൈനികര്‍ നടത്തിയത്.

വിമാനവാഹിനിയായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ നിന്നും പറന്നുയര്‍ന്ന ഇന്ത്യയുടെ മിഗ് 29 നൊപ്പം അമേരിക്കയുടെ എഫ്-18 വിമാനങ്ങളുമാണ് പരിശീലനം നടത്തിയത്. ഇരു വിമാനങ്ങളും നിശ്ചയിക്കപ്പെട്ട ലക്ഷ്യ സ്ഥാനങ്ങളെ വെടിവെച്ചിട്ടശേഷം തിരികെ കപ്പലുകളില്‍ത്തന്നെ വന്നിറങ്ങി. ഇവയ്‌ക്കൊപ്പം കടലിലെ നിരീക്ഷണത്തിന് ഫലപ്രദമായി ഉപയോഗിക്കുന്ന ഇന്ത്യയുടെ പി-8ഐ വിമാനം അമേരിക്കയുടെ ഇ2സി ഹ്വാക് ഐ വിമാനങ്ങള്‍ക്കൊപ്പം പരിശീലനം നടത്തി.

മലബാര്‍ 2020 ന്റെ രണ്ടാം ഘട്ട പരിശീലനമാണ് നടക്കുന്നത്. 24-ാംമത് മലബാര്‍ സംയുക്ത സൈനിക അഭ്യാസം ഇന്ന് അവസാനിക്കും. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒപ്പം ഓസ്‌ട്രേലിയുടേയും ജപ്പാന്റേയും നാവികസേനകളും മലബാര്‍ സംയുക്ത അഭ്യാസത്തിന്റെ ഭാഗമായി പങ്കെടുത്തു.