മലയാളത്തില്‍ നിന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍. കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘കുറുപ്പ്’ ആണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുക. നാല്‍പത് കോടിയിലധികം രൂപ മുതല്‍മുടക്കി എം സ്റ്റാര്‍ ഫിലിംസിന്റെയും വേയ്ഫാറര്‍ ഫിലിംസിന്റെയും ബാനറില്‍ നായകനായ ദുല്‍ഖര്‍ തന്നെയാണ് സിനിമ നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ആദ്യ സിനിമ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ദുല്‍ഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ സുഷിന്‍ ശ്യാം ആണ് സംഗീതം. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമ്മാര സംഭവത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാന്‍ ആണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുക. ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനിയായ വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. 1984ല്‍ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാള്‍ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ച ശേഷം താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ താന്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി 8 ലക്ഷം രൂപ തട്ടിയെടുത്തു. ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറില്‍ കയറ്റി യാത്രാമദ്ധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു.