2 ദിവസത്തേക്ക് സൗജന്യമായി നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ അവസരം. ഇന്ത്യയിലെ ഉപഭോക്താക്കൾക്കാണ് 48 മണിക്കൂർ നേരം തങ്ങളുടെ ഉള്ളടക്കങ്ങൾ സൗജന്യമായി ആസ്വദിക്കാൻ നെറ്റ്ഫ്ലിക്സ് അവസരം ഒരുക്കുന്നത്. ഡിസംബർ മാസത്തിലെ ആദ്യ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലാണ് ഈ ഓഫർ ലഭ്യമാവുക. നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് ഈ ഓഫർ വിവരം പ്രഖ്യാപിച്ചിരുന്നു.

അടുത്ത മാസം അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്ഫ്ലിക്സ് സൗജന്യമായി തങ്ങളുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുക. കൂടുതൽ സബ്സ്ക്രൈബേഴ്സാണ് നെറ്റ്ഫ്ലിക്സിൻ്റെ ലക്ഷ്യം. അഞ്ചാം തിയതി അർദ്ധരാത്രി 12 മണി മുതൽ ആറിന് അർദ്ധരാത്രി 12 മണി വരെ ആണ് ഓഫർ ലഭിക്കുക. പേര്, ഇമെയിൽ വിലാസം, പാസ്‌വേർഡ് എന്നീ വിവരങ്ങൾ നൽകിയാൽ ഈ ഓഫർ ലഭിക്കും. ഇത് വഴി നെറ്റ്ഫ്ലിക്സിലെ സിനിമ, സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോ തുടങ്ങിയവയെല്ലാം സൗജന്യമായി ആസ്വദിക്കാനാകും.

“ഇതിനെ ഞങ്ങൾ ആകാംക്ഷയോടെയാണ് കാണുന്നത്. രാജ്യത്തെ എല്ലാവർക്കും രണ്ട് ദിവസം സൗജന്യമായി നെറ്റ്ഫ്ലിക്സ് കണ്ടൻ്റുകൾ നൽകുമ്പോൾ ഞങ്ങളുടെ ശേഖരത്തിലുള്ളത് എന്തൊക്കെയാണെന്ന് അവർക്ക് മനസ്സിലാവും. ചിലരൊക്കെ നെറ്റ്ഫ്ലിക്സിൽ സൈൻ അപ്പ് ചെയുമെന്നാണ് കരുതുന്നത്.”- നെറ്റ്ഫ്ലിക്സ് സിഇഒ ഗ്രെഗ് പീറ്റേഴ്സ് പറയുന്നു.