പെരിന്തല്‍മണ്ണ : ഇവിടെ ഒരു പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തി ഒരുത്തന്‍ കടന്നുകളഞ്ഞിട്ടുണ്ട്. നിന്റെ ഓട്ടോയിലുള്ള ആളാണോയെന്ന് സംശയമുണ്ട്. അവനെ വിടരുത്’. വിനീഷിനെ കുടുക്കാന്‍ ജൗഹറിനെ സഹായിച്ചത് സുഹൃത്തിന്റെ ആ ഫോണ്‍കോള്‍ ആയിരുന്നു.

വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ വിനീഷിനെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്‌ ഓട്ടോറിക്ഷ ഡ്രൈവറായ ജൗഹറിന്റെ സമയോചിതമായ ഇടപെടലാണ്.

കൊല നടത്തിയശേഷം ശരീരം മുഴുവന്‍ ചോരയുമായി വിനീഷ് വന്നു കയറിയത് ജൗഹറിന്റെ ഓട്ടോയിലാണ്. തെറ്റിദ്ധരിപ്പിക്കാന്‍ ഒരു കള്ളക്കഥയും പറഞ്ഞു.

എന്നാല്‍ വഴിയില്‍ വെച്ച്‌ കൊലയാളിയാണ് തന്റെ വണ്ടിയിലുള്ളതെന്ന് സംശയം തോന്നിയതോടെ പൊലീസ് സ്റ്റേഷനിലേക്ക് ഓട്ടോ തിരിക്കുകയായിരുന്നു.

ഇന്നലെ രാവിലെ വീടിനു സമീപം ഓട്ടോറിക്ഷ കഴുകുമ്ബോഴാണ് ഒരാള്‍ എത്തുന്നത്. കുന്നക്കാവില്‍ ഒരു ബൈക്ക് അപകടം നടന്നുവെന്നും അല്‍പം വേഗത്തിലാണ് ഓടിച്ചിരുന്നതെന്നതിനാല്‍ ആളുകള്‍ ഉപദ്രവിക്കുമോയെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടതാണെന്നുമാണ് പറഞ്ഞത്.

തലയ്ക്ക് പരുക്കേറ്റ സുഹൃത്തിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ടെന്നും തനിക്ക് പൊലീസ് സ്‌റ്റേഷനില്‍ പോകാന്‍ റോഡില്‍ ഇറക്കി വിട്ടാല്‍ മതിയെന്നുമാണ് ഇയാള്‍ പറഞ്ഞത്.

യുവാവിന്റെ സംസാരത്തിലും പെരുമാറ്റത്തിലും പന്തികേട് തോന്നിയെങ്കിലും എങ്ങാനും സത്യമാണെങ്കിലോയെന്ന് കരുതിയാണ് ജൗഹര്‍ ഓട്ടോ എടുത്തത്. ഇവിടെ വച്ച്‌ കണ്ട തന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞ ശേഷമാണ് പുറപ്പെട്ടത്.

ഓട്ടോയില്‍ വച്ച്‌ പല കാര്യങ്ങളും ചോദിച്ചെങ്കിലും യുവാവ് പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്ന് ജൗഹര്‍ പറയുന്നു. ഇതിനിടെയാണ് ജൗഹറിന് സുഹൃത്തിന്റെ ഫോണ്‍ എത്തുന്നത്.

ഇവിടെ ഒരു പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തി ഒരുത്തന്‍ കടന്നുകളഞ്ഞിട്ടുണ്ട്. നിന്റെ ഓട്ടോയിലുള്ള ആളാണോയെന്ന് സംശയമുണ്ട്. അവനെ വിടരുത്’ എന്നായിരുന്നു സുഹൃത്ത് പറഞ്ഞത്.

ഇതോടെ യുവാവിന് സംശയം തോന്നാതിരിക്കുന്നതിലായി ശ്രദ്ധ. പെരിന്തല്‍മണ്ണ പൊലീസ് സ്‌റ്റേഷന്‍ റോഡിലേക്ക് കയറിയപ്പോള്‍ യുവാവ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ജൗഹര്‍ ഗൗനിച്ചില്ല.

സ്‌റ്റേഷനു മുന്നിലെത്തിയപ്പോള്‍ വഴിയില്‍ മറ്റൊരു സുഹൃത്തിനെ കണ്ടതോടെ ജൗഹറിന് ആശ്വാസമായി. യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പിടിക്കണമെന്നു പറഞ്ഞ് ഓട്ടോ നിര്‍ത്തി. പിന്നീട് ഇരുവരും ചേര്‍ന്ന് പ്രതിയെ പിടിച്ച്‌ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി പൊലീസിന് കൈമാറുകയായിരുന്നു.

സംഭവത്തില്‍ വിനീഷിനെ ഇന്ന് ദൃശ്യയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുക്കും.