ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുനഃസംഘടനാ നടപടികള്‍ പുരോഗമിക്കവെ ഡല്‍ഹിയില്‍ എത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ഇന്നലെ രാത്രിയാണ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയത്. ഇന്ന് 11.30 നാണ് രമേശ് രാഹുല്‍ ഗാന്ധിയെ കാണുക.

പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡണ്ടിനേയും ഉള്‍പ്പെടെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡിന്റെ നടപടിയില്‍ രമേശ് ചെന്നിത്തല നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. രമേശ് ചെന്നിത്തല എകെ ആന്റണിയുമായും കെസി വേണുഗോപാലുമായും കൂടിക്കാഴ്ച്ച നടത്തും. കേരളത്തിലെ നേതൃമാറ്റത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് നിന്നുള്ള നേതാവിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കുന്നത്.

അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതിരുന്ന രമേശ് ചെന്നിത്തലക്ക് ഉചിതമായ മറ്റൊരു പദവി നല്‍കിയേക്കും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്നതുള്‍പ്പെടെയുള്ള ആലോചനങ്ങള്‍ നടക്കുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.