കവളങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനടക്കം ഇരയുടെ കത്ത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ എംപി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എംഎല്‍എ, മാത്യു കുഴല്‍നാടന്‍ എംഎല്‍എ എന്നിവര്‍ക്കാണ് പെണ്‍കുട്ടി കത്തയച്ചത്.

പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടെങ്കിലും ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. പരാതിയുമായി മുന്നോട്ടുപോയാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് രണ്ടുതവണ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി.

ഇത്തരം അനുഭവങ്ങള്‍ മറ്റൊരു പെണ്‍കുട്ടിക്കും ഇനി സംഭവിക്കരുതെന്നും ഷാനെ പാര്‍ടിയില്‍നിന്ന് പുറത്താക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. ‘നിങ്ങളില്‍ വിശ്വാസമാണെന്നും തനിക്ക് നീതി നേടിത്തരണമെന്നും’ കത്തിലുണ്ട്. പോത്താനിക്കാട് പഞ്ചായത്ത് യൂത്ത് കോ–-ഓര്‍ഡിനേറ്ററായ ഷാനെ മാറ്റിയിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും ഷാന്‍ മുഹമ്മദിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

കേസിലെ ഒന്നാംപ്രതി റിയാസ് റിമാന്‍ഡിലാണ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നു വാങ്ങി നല്‍കിയത് ഷാന്‍ മുഹമ്മദാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.