ബംഗളൂരു: ഒരു കോടി രൂപയിലധികം വിലമതിക്കുന്ന സ്വർണ്ണവുമായി ട്രെയിനിൽ നാടുവിട്ട കള്ളനെ വിമാനത്തിലെത്തി പിടികൂടി പോലീസ്. ബംഗളൂരുവിലാണ് സംഭവം. 1.3 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ ബംഗാൾ സ്വദേശിയെയാണ് ഹൗറയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.

ബംഗളൂരുവിലെ ഒരു വീട്ടിലാണ് പ്രതി ജോലി ചെയ്തിരുന്നത്. ഇതേ വീട്ടിൽ തന്നെയായിരുന്നു ഇയാൾ താമസിച്ചിരുന്നതും. ഒക്ടോബർ ആദ്യവാരം വീട്ടിലെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് കൊറോണ ബാധിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഇയാൾ കവർച്ച നടത്താൻ ആസൂത്രണം ചെയ്തത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 1.3 കോടി രൂപയുടെ സ്വർണമാണ് ഇയാൾ മോഷ്ടിച്ചത്. വീട്ടിലെ ഇലക്ട്രിക് ലോക്കറിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. കവർച്ചയ്ക്ക് ശേഷം ഇയാൾ ബംഗളൂരുവിൽ നിന്നും നാട്ടിലേക്ക് കടന്നു.

മോഷണ വിവരം വീട്ടുകാർ അറിഞ്ഞ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. തുടർന്ന് ബംഗളൂരു പോലീസ് പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതി ട്രെയിനിൽ കയറുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി ഹൗറയിലേക്കാണ് ടിക്കറ്റെടുത്തതെന്ന് വ്യക്തമായി. തുടർന്ന് പോലീസ് സംഘം ബംഗാളിലേക്ക് പോയി.

ട്രെയിനിലോ കാറിലോ ബംഗാളിലേക്ക് പോയാൽ പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പോലീസ് വിമാനത്തിലാണ് കൊൽക്കത്തയിലേക്ക് തിരിച്ചത്. കൊൽക്കത്തയിൽ വിമാനം ഇറങ്ങിയ പൊലീസ് സംഘം നേരെ ഹൗറ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയും സ്വർണ്ണവുമായെത്തിയ പ്രതിയെ കയ്യോടെ പിടികൂടുകയും ചെയ്തു.