തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ കോവിഡ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയില്‍ വേണ്ടത് 26,600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 85,300 എന്‍95 മാസ്‌ക്, 1,12,600 ഗ്ലൗസ്, 20,800 ഫേസ് ഷീല്‍ഡ്, 250 പുനരുപയോഗിക്കാവുന്ന ഫേസ് ഷീല്‍ഡ് എന്നിവ. പോളിങ് ഉദ്യോഗസ്ഥര്‍ക്കും വോട്ടെണ്ണല്‍ അടക്കം തെരഞ്ഞെടുപ്പിന്റെ മറ്റു നടപടിക്രമങ്ങള്‍ക്കു നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനായാണ് ഇവ.

മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, ഫെയ്‌സ് ഷീല്‍ഡ് തുടങ്ങിയവയടങ്ങുന്ന പ്രത്യേക ബോക്‌സുകള്‍ ഇത്തവണ ഓരോ പോളിങ് സ്‌റ്റേഷനിലും ജോലിക്കു നിയോഗിക്കപ്പെടുന്ന ടീമിനു നല്‍കും. ബ്ലോക്ക് അടിസ്ഥാനത്തില്‍ അതത് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് ഈ ബോക്‌സുകള്‍ വിതരണം ചെയ്യുന്ന നടപടി തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാക്കി നല്‍കുന്ന ബോക്‌സുകള്‍ കളക്ടറേറ്റില്‍ നിന്നാണു വിതരണം ചെയ്യുന്നത്.

നാല് ഉദ്യോഗസ്ഥരെയാണു വോട്ടെടുപ്പ് ജോലികള്‍ക്കായി ഒരു പോളിങ് ബൂത്തില്‍ വിന്യസിക്കുക. പുറമേ ഒരു അറ്റന്‍ഡറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ടാകും. കോവിഡ് പ്രതിരോധത്തിനായി ഈ ടീമിനു നല്‍കുന്ന ഒരു ബോക്‌സില്‍ 18 എന്‍95 മാസ്‌ക്, 12 ജോഡി ഗ്ലൗസ്, അഞ്ചു ലിറ്ററിന്റെ ഒന്നും അര ലിറ്ററിന്റെ നാലും കുപ്പിയടങ്ങുന്ന ഏഴു ലിറ്റര്‍ സാനിറ്റൈസര്‍, ആറ് ഡിസ്‌പോസിബിള്‍ ഫേസ് ഷീല്‍ഡ് എന്നിവയാണുള്ളത്. ജില്ലയില്‍ ആകെ 3,281 പോളിങ് ബൂത്തുകളാണു വോട്ടെടുപ്പിനു സജ്ജമാക്കുന്നത്.

വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്കു കയറുമ്ബോഴും ഇറങ്ങുമ്ബോഴും കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ നല്‍കും. പോളിങ് ഉദ്യോഗസ്ഥര്‍ ഫേസ് ഷീല്‍ഡ്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ് ഏജന്റുമാര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. ഇതിനു പുറമേ ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളും വോട്ടെടുപ്പിനു തലേന്ന് പൂര്‍ണമായി അണുവിമുക്തമാക്കും. പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവ കരുതണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നാമനിര്‍ദേശ പത്രികാ സ്വീകരണം, സൂക്ഷ്മ പരിശോധന തുടങ്ങിയ നടപടികള്‍ക്കായി റിട്ടേണിങ് ഓഫിസമാര്‍ക്കും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, പാക്കിങ് സ്റ്റാഫ്, വിതരണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍, സെക്ടറല്‍ ഓഫിസര്‍മാര്‍, ഇവരുടെ കീഴിലുള്ള ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, റൂട്ട് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ക്കും പ്രത്യേകം കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ നല്‍കും. ഇവര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, ഫേസ് ഷീല്‍ഡ് എന്നിവ നല്‍കുന്നതിനു പ്രത്യേക എണ്ണവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്.