ന്യൂഡല്‍ഹി:കോവിഡ് ബാധിതര്‍ കുതിച്ചുയരുമ്പോഴും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച കാണിച്ച ഡല്‍ഹി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 200ല്‍നിന്ന് 50 ആയി നിയന്ത്രിച്ചത് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ച അവസരത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശം.

സര്‍ക്കാര്‍ എന്തുകൊണ്ടാണ് നേരത്തെ ഉണരാതിരുന്നതെന്നും കോടതി ഉത്തരവ് വന്നശേഷമാണോ ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ചോദിച്ചു. രോഗം ഭയന്ന് വീട്ടില്‍ അടച്ചിരിക്കുന്നവര്‍ പോലും രോഗബാധിതരാകുന്നു. കഴിഞ്ഞ 14 ദിവസത്തിനിടെ മരണനിരക്ക് കുത്തനെ ഉയര്‍ന്നു. ഈ ദിവസങ്ങളില്‍ എത്രപേര്‍ മരിച്ചെന്ന് അറിയുമോ? നടപടികള്‍ സ്വീകരിച്ചെന്ന് അവകാശപ്പെടുമ്പോഴുംഴും ചുറ്റിലും മൃതദേഹം കുന്നുകൂടുകയാണ്. മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം–- -കോടതി നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന അഡ്വ. രാകേഷ് മല്‍ഹോത്രയുടെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

വളര്‍ച്ച ഏറ്റവും പിന്നില്‍; കോവിഡ് മരണത്തില്‍
മുന്നില്‍

ന്യൂഡല്‍ഹി
സാമ്പത്തികവളര്‍ച്ചയില്‍ ഏഷ്യയില്‍ ഏറ്റവും പിന്നില്‍ ഇന്ത്യ. പൂജ്യത്തിനും താഴെയാണ് ഇന്ത്യയുടെ വളര്‍ച്ചനിരക്ക്. കോവിഡ് മരണനിരക്ക് അയല്‍രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയിലാണ് കൂടുതല്‍.

നടപ്പുവര്‍ഷം രണ്ടാം പാദത്തിലെ
വളര്‍ച്ചനിരക്ക്
ഇന്ത്യ : മൈനസ് 8.6
ബംഗ്ലാദേശ് : 3.8
മ്യാന്മര്‍ : 2
ചൈന : 1.9
വിയത്നാം : 1.6
ഭൂട്ടാന്‍ : 0.6
പാകിസ്ഥാന്‍ 0.4
നേപ്പാള്‍ : 0

കോവിഡ് മരണം
(ജനസംഖ്യയുടെ 10 ലക്ഷത്തില്‍)
ഇന്ത്യ : 95
ബംഗ്ലാദേശ് : 38
നേപ്പാള്‍ : 43
പാകിസ്ഥാന്‍ : 33
മ്യാന്മര്‍ : 30
ചൈന : 3
വിയത്നാം : 0.4
ഭൂട്ടാന്‍ : 0