തിരുവനന്തപുരം: സ്വപ്‌നയുടെ ശബ്ദ സന്ദേശ വിവാദത്തില്‍ പോലീസും വിജിലന്‍സും സംശയത്തിന്റെ നിഴലിലായി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഈ ഏജന്‍സികളാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനു പിന്നിലെന്നാണ് സൂചന.

ഒക്‌ടോബര്‍ 15നാണ് സ്വപ്‌നയെ തലസ്ഥാനത്തെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ചത്. കൊഫെ പോസ ചുമത്തിയിരിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. അമ്മ, മക്കള്‍, ഭര്‍ത്താവ് എന്നിവര്‍ക്ക് ആഴ്ചയില്‍ ഒരു തവണ ഫോണ്‍ വിളിക്കാനും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആഴ്ചയില്‍ ഒരു ദിവസം കൂടിക്കാണാനുമാണ് അനുവാദം. അതിനാല്‍ സന്ദര്‍ശകരെ കണ്ടെത്തുക എളുപ്പമാണ്. സന്ദര്‍ശകര്‍ക്ക് ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കാനാകില്ല. അഭിഭാഷകന്‍ സ്വപ്‌നയെ കാണാന്‍ വന്ന ദിവസമാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തതെന്ന തരത്തിലാണ് സന്ദേശം. തിരുവനന്തപുരത്ത് എത്തും മുമ്ബ് സ്വപ്‌ന എറണാകുളത്തെ ജയിലില്‍ ആയിരുന്നു. രണ്ട് സ്ഥലത്തെയും രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇവരെക്കൂടാതെ ജയിലിനുള്ളിലെ ഉദ്യോഗസ്ഥരും പോലീസും വിജിലന്‍സുമാണ് സ്വപ്‌നയെ കണ്ടിട്ടുള്ളത്.

ശബ്ദം പുറത്തുവിട്ട യൂട്യൂബ് ചാനലും സംശയത്തിന്റെ നിഴലിലാണ്. സര്‍ക്കാരിനെതിരെ മൊഴി പറയാതിരിക്കാന്‍ സ്വപ്‌നയെ ജയിലിലെത്തി നിരവധി പേര്‍ കാണുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.