ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയുമായി പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. മാസികയായ വോയ്‌സ് ഓഫ് ഹിന്ദിലാണ് അയോദ്ധ്യയിൽ രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയുമായി സംഘടന രംഗത്ത് വന്നിരിക്കുന്നത്. ഇതിനായി രാജ്യത്ത് ജിഹാദ് നടത്താനും മാസികയിൽ സംഘടന ആവശ്യപ്പെടുന്നുണ്ട്.

വോയ്‌സ് ഓഫ് ഹിന്ദിന്റെ ഡിജിറ്റൽ പതിപ്പിലാണ് ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. തർക്ക മന്ദിരം തകർന്നു വീഴുന്നതിന്റെ കവർ പേജോടു കൂടിയുള്ള മാസികയിൽ ‘ബാബറിക്ക് പകരം ചോദിക്കും’ എന്ന പേരിൽ എഴുതിയ ലേഖനത്തിലാണ് ആഹ്വാനം ഉള്ളത്.

തർക്ക മന്ദിരം പുന:സ്ഥാപിക്കുന്നതിനായി ഇസ്ലാം മത വിശ്വാസികളോട് ആയുധങ്ങൾ എടുക്കാനും, കേന്ദ്ര സർക്കാരിനെതിരെ ജിഹാദ് നടത്താനുംസംഘടന ആഹ്വാനം ചെയ്യുന്നുണ്ട്. ഇതിന് പുറമേ രാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതിനായി പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനും ഇസ്ലാം മത വിശ്വാസികളോട് സംഘടന ആവശ്യപ്പെടുന്നു.

നിലവിൽ അയോദ്ധ്യയിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആരംഭിച്ച രാമക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ക്ഷേത്രം തകർക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത് വന്നിരിക്കുന്നത്.

അതേ സമയം ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ മാസിക ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.