മഡ്ഗാവ്: ഐ.സി.എല്‍ പോരാട്ടത്തിന് നാളെ വിസില്‍ മുഴുങ്ങും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാന് കേരള ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടും. ഗോവയില്‍ മാത്രമായി നടക്കുന്ന മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാള്‍ ആദ്യമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകുകയാണ്. ഗോവയിലെ മൂന്ന് വേദികളിലാണ് മത്സരം നടക്കുന്നത്.
പുതിയ കോച്ചിന്റേയും തകര്‍പ്പന്‍ വിദേശതാരങ്ങളുടേയും നേതൃത്വത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലെ ക്ഷീണം തീര്‍ക്കുമെന്നാണ് കരുതുന്നത്. മൂന്ന് ക്യാപ്റ്റന്മാര് ടീമില്‍ കളിക്കുന്നുവെന്നതും മഞ്ഞപ്പടയക്ക് കരുത്താണ്. സ്പാനിഷ് താരം സെര്‍ജീ സിഡോഞ്ച, സിംബാബ്വേ പ്രതിരോധ താരം കോസ്റ്റ നമോയ്നേസു, ഇന്ത്യയുടെ ജെസ്സല്‍ കാര്‍ണെയ്റോ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയിലുള്ളത്. പുതിയ കോച്ച് കിബൂ വികൂനയുടെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് കടുത്ത പരിശീലനം നടത്തിക്കഴിഞ്ഞു.
ബഗാന് നിരയില്‍ അഞ്ചു നായകന്മാരാണുള്ളത്. കോച്ച് അന്റോണിയോ ഹബാസിന്റെ പട്ടികയില്‍ അഞ്ചുപേര്‍ വിവിധ മത്സരങ്ങളില്‍ മാറി മാറി നായകരാകുമെന്നാണ് സൂചന.