കുവൈത്ത് സിറ്റി: കൊവിഡും സ്‌ഫോടനവും പ്രതിസന്ധിയിലാക്കിയ ലബനാനില്‍ കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി തണുപ്പ് പ്രതിരോധത്തിന് കമ്പിളി വസ്ത്രങ്ങള്‍ വിതരണം ചെയ്തു. ലബനാനിലെ അക്കര്‍ മേഖലയിലെ 300 കുടുംബങ്ങള്‍ക്കാണ് വസ്ത്രങ്ങള്‍ നല്‍കിയത്. കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൊടുംതണുപ്പിനെ അതിജീവിക്കാന്‍ കുവൈത്തിന്റെ വസ്ത്രവിതരണം സഹായിക്കും. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന റോസറി ആശുപത്രി റെഡ് ക്രെസന്റ് പ്രതിനിധിസംഘം സന്ദര്‍ശിച്ചു.

ആശുപത്രി നവീകരണത്തിന് കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റിയുടെ സഹായമെത്തിക്കും. സ്‌ഫോടനം നടന്നതിന്റെ പിറ്റേ ആഴ്ചയില്‍തന്നെ ഏഴ് വിമാനങ്ങളിലായി കുവൈത്ത് ലബനാനിലേക്ക് മരുന്നും മറ്റു സഹായ വസ്തുക്കളും അയച്ചിരുന്നു. ലബനാനിലെ സ്‌ഫോടനത്തിന് ശേഷം ആദ്യമായി സഹായ വസ്തുക്കള്‍ എത്തിച്ചതും കുവൈത്ത് ആണ്. കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരിട്ട് ഇടപെട്ടാണ് മരുന്നും ചികിത്സ ഉപകരണങ്ങളും അയച്ചത്. ലബനാനിലെ ദുരിത ബാധിതരെ സഹായിക്കാന്‍ കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി ആരംഭിച്ച വിഭവ സമാഹരണ കാമ്ബയിന് വന്‍ പിന്തുണയാണ് ലഭിച്ചത്.