ഗുരുവായൂര്‍: ക്ഷേത്രനടയില്‍ മാവുകള്‍ മുറിച്ച സംഭവം അന്വേഷിക്കാന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ എത്തി. ജില്ലാ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി.എം. പ്രഭുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പരിശോധനയ്ക്കെത്തിയത്.

ഗുരുവായൂര്‍ ക്ഷേത്രം തെക്കേ നടപ്പുരയോടു ചേര്‍ന്നുള്ള പറമ്ബിലെ രണ്ടു മാവുകളാണ് ചൊവ്വാഴ്ച വൈകീട്ട് മുറിച്ചത്. ഭക്തരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തിയതോടെയാണ് സംഭവം വിവാദമായത്.

ഭക്തര്‍ക്ക് വിശ്രമിക്കാന്‍ താത്‌കാലിക ഷെഡ് കെട്ടുന്നതിനാണ് മരങ്ങള്‍ മുറിച്ചതെന്നായിരുന്നു ദേവസ്വത്തിന്റെ വിശദീകരണം. മുറിച്ചവരുടെപേരില്‍ നടപടിയെടുക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തെക്കേനടപ്പുരയുടെ കിഴക്കുഭാഗത്ത് ദേവസ്വം അധികൃതര്‍ ബുധനാഴ്ച രാവിലെ പത്ത് മാവിന്‍തൈകള്‍ നട്ടു.