മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിര്‍ന്ന നേതാവെന്നും ബിജെപി അവരുടെ വിജയത്തിന് പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി ദല്‍ഹിയില്‍ തനിച്ച്‌ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച്‌ സേനാ നേതാവ് രംഗത്തെത്തിയത്. മോദിയുമായുള്ള താക്കറെയുടെ കൂടിക്കാഴ്ച മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ‘ഇതേക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല… ഞാന്‍ മാധ്യമറിപ്പോര്‍ട്ടുകളിലേക്ക് കടക്കുന്നില്ല. ഇതേക്കുറിച്ച്‌ ഔദ്യോഗിക പ്രസ്താവനയൊന്നുമില്ല. ബിജെപി അതിന്റെ വിജയത്തിന് കഴിഞ്ഞ ഏഴുവര്‍ഷമായി നരേന്ദ്രമോദിയോട് കടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും മുതിര്‍ന്ന നേതാവ് അദ്ദേഹമാണ്’- സഞ്ജയ് റാവത്ത് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ പ്രധാനമന്ത്രി രാഷ്ട്രത്തിന്റെ ആകെയാണെന്നും ഏതെങ്കിലും പാര്‍ട്ടിയുടേതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയപോലെ ബിജെപിയും ശിവസേനയും തമ്മില്‍ ഒന്നിക്കുമോ എന്ന ചോദ്യത്തിന് ‘കടുവ(സേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നം)യോട് ചങ്ങാത്തം കൂടാന്‍ ആര്‍ക്കും കഴിയില്ല. ആരെ സുഹൃത്തുക്കളാക്കണമെന്ന് കടുവ തീരുമാനിക്കും’ എന്നായിരുന്നു പ്രതികരണം. തിങ്കളാഴ്ചയാണ് ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ അജിത് പവാര്‍, കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.

90 മിനിറ്റ് നീണ്ട ആശയവിനിമയത്തിനിടെ പ്രധാനമന്ത്രിയും താക്കറെയും തമ്മില്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പിന്നാലെ അത്തരം കൂടിക്കാഴ്ചകളില്‍ ഒരു തെറ്റുമില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ നേതാവ് നവാസ് ഷെറീഫിനെ കാണാന്‍ പോയിട്ടില്ല. തന്റെ പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വേര്‍പിരിഞ്ഞുവെങ്കിലും ബന്ധം അവസാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.