ബംഗളൂരു : അനധികൃതമായി കൈക്കലാക്കിയ ഭൂമിയിലെ യേശു ക്രിസ്തുവിന്റെ പ്രതിമാ നിർമ്മാണം തടഞ്ഞ് കർണ്ണാടക ഹൈക്കോടതി. രാമനഗര ജില്ലയിലെ കനകാപോര പ്രദേശത്ത് നിർമ്മിക്കുന്ന പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഹൈക്കോടതി തടഞ്ഞത്. ലോകത്തെ ഏറ്റവും വലിയ പ്രതിമയുടെ നിർമ്മാണമാണ് പ്രദേശത്ത് നടന്നു കൊണ്ടിരുന്നത്.

അനധികൃതമായി സ്വന്തമാക്കിയ ഭൂമിയിലാണ് യേശുവിന്റെ പ്രതിമ നിർമ്മിക്കുന്നത് ആരോപിച്ച് പ്രദേശവാസിയായ ആന്റണി സാമിയും കൂട്ടരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കർണ്ണാടകയിലെ മുൻ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടിയാണ് അനധികൃതമായി പ്രതിമ നിർമ്മിക്കാൻ സ്ഥലം അനുവദിച്ചത് എന്ന് ഹർജിയിൽ പറയുന്നു. കോൺഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാർ, ഡി.കെ സുരേഷ് എന്നിവരുടെ പേരുകളും ഹർജിയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കണം എന്നാണ് കോടതിയുടെ നിർദ്ദേശം. കപലബേട്ട അഭിവൃത്തി ട്രസ്റ്റ് ആണ് പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

കനകാപുര താലൂക്കിൽ ഏകദേശം 2000 ത്തോളം ക്രിസ്ത്യൻ കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ 1,500 കുടുംബങ്ങൾ നല്ലഹല്ലി, നരോബലേ എന്നീ ഗ്രാമങ്ങളിലാണ് അതിവസിക്കുന്നത്. 2017 ഫെബ്രുവരിയിൽ ഡി.കെ ശിവകുമാറും, ഡി.കെ സുരേഷും ചേർന്ന് നല്ലഹല്ലി ഗ്രാമത്തിലെ 15 ഏക്കർ ഭൂമി കയ്യേറിയിരുന്നു. ഇതിനെതിരെ പ്രദേശത്തെ കുടുംബങ്ങൾ നടപടി സ്വീകരിച്ചിരുന്നില്ല. പിന്നീട് ഡി.കെ സഹോദരങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് മാർച്ചിൽ കപലബേട്ട അഭിവൃത്തി ട്രസ്റ്റ് പ്രതിമ നിർമ്മിക്കാൻ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു.

എന്നാൽ ഭൂനിയമത്തിലെ ചട്ടങ്ങൾ പാലിക്കാതെ ട്രസ്റ്റിന് അധികൃതർ സ്ഥലം അനുവദിക്കുകയായിരുന്നു. പ്രദേശത്ത് ക്രിസ്ത്യൻ മത വിഭാഗത്തിനായി പള്ളികളോ മറ്റ് കേന്ദ്രങ്ങളോ ഇല്ലെന്ന് അധികൃതരെ കബളിപ്പിച്ചായിരുന്നു ട്രസ്റ്റ് പ്രതിമ നിർമ്മാണത്തിനുള്ള സ്ഥലം വേഗത്തിൽ സ്വന്തമാക്കിയത്.