കൊടകര കുഴല്‍പ്പണക്കേസ് വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടി. ‘കള്ളപ്പണക്കാരെ വിറപ്പിച്ച’ നരേന്ദ്ര മോദിയുടെ പ്രസ്ഥാനത്തെ ‘കൊടകര നുണ’ കൊണ്ട് തളര്‍ത്താം എന്ന് കരുതേണ്ടെന്നും ‘പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി നിന്ന പ്രസ്ഥാനമാണ്’ ബിജെപിയെന്നുമാണ് അബ്‌ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുക്കിയത് എല്‍ഡിഎഫ് ആണെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നുണ്ട്. ബിജെപി കേരളാ ഘടകം സംഘടിപ്പിച്ച ‘പ്രതിഷേധ ജ്വാല’യുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കുറിപ്പ് ചുവടെ:

‘അപമാനിക്കാം പക്ഷെ ഒറ്റപ്പെടുത്താം എന്ന് കരുതേണ്ട.

പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച്‌ നിന്ന ഒരു പ്രസ്ഥാനമാണ് K. സുരേന്ദ്രന്റത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായിക്ക് തുടര്‍ഭരണം കാട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല. കാശ് വാരിയെറിഞ്ഞിട്ടാണ്. 140 മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുക്കിയത് LDF ആണ്.

ഡീമോണിറ്റയ്സേഷന്‍, ഡിജിറ്റലൈസേഷനിലൂടെ കള്ളപ്പണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണ കൊണ്ട് തളര്‍ത്താം എന്ന് കരുതരുത്. കള്ളകേസ് കൊണ്ട് ഒരു കടുകുമണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല.

കേരളത്തിലെ ആദിവാസി നേതാവിനെ, സി കെ ജാനുവിനെ നിങ്ങള്‍ വേട്ടയാടുന്നത് അധഃസ്ഥിത ജനത പൊറുക്കില്ല. BJP കേരള ഘടകം സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയം കത്തി തീരുന്ന കാലം വരും.
#bjp4keralam #BJPIND’