മാള്‍ഡ: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം 35കാരനായ ചൈനക്കാരനെ അതിര്‍ത്തി സുരക്ഷാ സേന പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ അതിര്‍ത്തിയില്‍നിന്നാണ്​ സംശയാസ്​പദ സാഹചര്യത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്​.

ഹാന്‍ ജുന്‍വെയ്​ എന്നാണ്​ ഇദ്ദേഹത്തിന്‍െറ പേ​രെന്നും ചൈനീസ് പാസ്‌പോര്‍ട്ട്, ബംഗ്ലാദേശ് വിസ, ലാപ്‌ടോപ്പ്, മൂന്ന് സിം കാര്‍ഡുകള്‍ എന്നിവ ഇയാളില്‍നിന്ന്​ ലഭിച്ചതായും സുരക്ഷ ഉദ്യോഗസ്​ഥര്‍ പറഞ്ഞു.

വ്യാഴാഴ്​ച രാവിലെ ഏഴോടെയാണ്​ ഇയാളെ പിടികൂടുന്നത്​. തുടര്‍ന്ന്​ ബി.എസ്​.എഫിന്‍െറ കാലിയാചക് പോസ്റ്റിലേക്ക് എത്തിച്ച്‌​ ഉന്നത ഉദ്യോഗസ്​ഥരെ വിവരം അറിയിച്ചു.
യുവാവിന്​ ഇംഗ്ലീഷ് അറിയാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ആശയം വിനിമയം ബുദ്ധിമുട്ടായി. തുടര്‍ന്ന്​ ചൈനീസ്​ ഭാഷ അറിയുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു. ഇയാളുടെ സഹായത്താല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഹാന്‍ ജുന്‍വെയെ ചോദ്യം ചെയ്യുകയാണ്​.

മാള്‍ഡയിലുള്ള ബംഗ്ലാദേശ്​ അതിര്‍ത്തി ഏറെ കുപ്രസിദ്ധമാണ്​. മയക്കുമരുന്ന്, ആയുധങ്ങള്‍, കന്നുകാലി എന്നിവയുടെ കള്ളക്കടത്തും അനധികൃത കുടിയേറ്റവും ഇവിടെ സജീവമാണെന്ന്​ അധികൃതര്‍ പറയുന്നു. ഈ മേഖലയില്‍ ബി.എസ്.എഫിന്‍െറ ദക്ഷിണ ബംഗാള്‍ വിഭാഗമാണ്​ കാവല്‍ നില്‍ക്കുന്നുന്നത്​.

ഹാന്‍ ജുന്‍‌വെയ് തനിച്ചാണോ അതോ കൂടെ ആരെങ്കിലും ഇന്ത്യയിലേക്ക്​ കടന്നുകയറിയോ എന്ന് സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്​. ബംഗ്ലാദേശ് സന്ദര്‍ശനത്തിന്‍െറ ഉദ്ദേശ്യത്തെക്കുറിച്ചും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ വിശദാംശങ്ങളും അദ്ദേഹം ഇന്ത്യയിലേക്ക് കടക്കാനുള്ള കാരണങ്ങളും അറിയാന്‍ കഴിയുകയുള്ളൂവെന്നും അധികൃതര്‍ വ്യക്​തമാക്കി.