മുംബൈ: മുംബൈയിലെ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്ബതുപേര്‍ മരിച്ചു. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവമെന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. പേമാരിയെ തുടര്‍ന്നാണ് ഏറെ കാലപ്പഴക്കമുളള കെട്ടിടം നിലം പതിച്ചത് .

അപകടത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡിസിപി വിശാല്‍ താക്കൂര്‍ വെളിപ്പെടുത്തി . പരിക്കേറ്റവരെ ബിഡിബിഎ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ജീവനക്കാര്‍ പറയുന്നത് .
അതെ സമയം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. പോലീസും അഗ്നിശമനരക്ഷാസേനാ അംഗങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്നുവീണ കെട്ടിടത്തിന് സമീപമുളള മൂന്ന് കെട്ടിടത്തില്‍ നിന്ന് ബിഎംസി ജനങ്ങളെ ഒഴിപ്പിക്കുകയാണ്.