തിരുവനന്തപുരം: ലോക്ക്ഡൗണില്‍ സംസ്ഥാനത്തെ നാളെ മാത്രം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്. അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാനമായിരിക്കും നിയന്ത്രണങ്ങള്‍. ഈ രണ്ടു ദിവസങ്ങളിലും ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാന്‍ അനുവദിക്കില്ല. പകരം ഹോം ഡെലിവറിക്ക് അനുമതിയുണ്ട്.

ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. എന്നാല്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ വരും ദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും 16 ശേഷമേ ആരംഭിക്കൂ. നാളത്തെ പ്രധാന ഇളവുകള്‍

വാഹന ഷോറൂമുകളില്‍ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ മെയിന്റനന്‍സ്‌ ജോലിയാകാം. മറ്റു പ്രവര്‍ത്തനങ്ങളും വില്‍പനയും പറ്റില്ല.

നിര്‍മാണ മേഖലയിലുള്ള സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്/ രേഖ കാട്ടി യാത്ര ചെയ്യാം.

സ്‌റ്റേഷ‍നറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍ക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും തുറക്കാം. സമയം രാവിലെ 7 മുതല്‍ വൈകിട്ട്‌ 7 വരെ.

ശനി, ഞായര്‍ ദിവസങ്ങളിലെ ഇളവുകളും വ്യവസ്ഥകളും ഇങ്ങനെ:

അവശ്യ സേവന വിഭാഗ‍ത്തില്‍പെട്ട കേന്ദ്ര-സംസ്ഥാന ഓഫിസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍‍പറേഷന്‍, ടെലികോം സ്ഥാപനങ്ങള്‍, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ എന്നിവ തുറക്കാം.

ഭക്ഷ്യോ‍ല്‍പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകളുടെയും കള്ളു ഷാപ്പുകളുടെയും പ്രവര്‍ത്തനം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ.

റസ്റ്ററന്റുകളും ബേക്കറികളും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ. ഹോട്ടലുകളില്‍നിന്നും റസ്റ്ററന്റുകളില്‍നിന്നും ഹോം ഡെലിവറി മാത്രം.

ദീര്‍ഘദൂര ബസുകള്‍ക്കും ട്രെയിന്‍-വിമാന സര്‍വീസുകള്‍ക്കും അനുമതി. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നു യാത്രക്കാരെ വീടുകളി‍ല്‍ എത്തിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍ (കാബുകളും മറ്റും ഉള്‍പ്പെടെ), പൊതു വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കാം. യാത്രാ രേഖകള്‍ ഹാജരാക്കണം.

വിവാഹവും ഗൃഹപ്രവേശവും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ‍റജിസ്റ്റര്‍ ചെയ്യണം. കോവിഡ് പ്രോ‍ട്ടോക്കോള്‍ പാലിച്ച്‌, കുറച്ചുപേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.

അടിയന്തര സേവന വിഭാഗത്തിലെ വ്യവസായങ്ങള്‍, കമ്ബനികള്‍, സ്ഥാപനങ്ങള്‍ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സീന്‍ സ്വീകരിക്കുന്നവര്‍ എന്നിവര്‍ യാത്രയ്ക്ക് തിരിച്ചറിയല്‍ കാര്‍‍ഡ് കരുതണം.