പാലക്കാട്: സ്നേഹത്തിലായ അയല്‍വാസിയായ യുവാവിന്റെ വീട്ടില്‍ വീട്ടുകാരോ പുറംലോകമോ അറിയാതെ 11 വര്‍ഷം യുവതി ഒളിച്ചുതാമസിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിചിത്രജീവിതം വിശ്വസിക്കാനാവാതെ ഞെട്ടലിലാണ്​ നാട്ടുകാര്‍. അയിലൂര്‍ കാരക്കാട്ട് പറമ്ബിലെ റഹ്മാന്‍ (34) എന്ന യുവാവിനെ നെന്മാറ പൊലീസ് കസ്​റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് രഹസ്യങ്ങളുടെ ചുരുള്‍ അഴിഞ്ഞത്. മാതാപിതാക്കളും സഹോദരിയുമുള്ള വീട്ടില്‍ ത​ന്റെ മുറിയിലാണ്, അയല്‍വാസിയായ സജിത (28) എന്ന യുവതിയെ റഹ്​മാന്‍ പത്തു വര്‍ഷം ഒളിപ്പിച്ചുതാമസിപ്പിച്ചത്. അയിലൂര്‍ കാരക്കാട്ട് പറമ്ബിലെ കുഞ്ഞുവിട്ടീല്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ ഒരുത്രില്ലര്‍ സിനി​മയെ വെല്ലുന്നതായിരുന്നു. സസ്​പെന്‍സ് പൊലീസ്​ വിവരിച്ചപ്പോള്‍ അവശ്വസനീയമായ കഥ കേട്ട്​ ഞെട്ടാത്തവരുണ്ടാവില്ല. ഒപ്പം ബാക്കിയാവുന്നത്​ ആ കുടുംബത്തില്‍ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള ആകാംക്ഷ മാത്രം.

റഹ്മാനെ കാണാതായത് മൂന്ന് മാസം മുന്‍പ് അംഗങ്ങള്‍ തിങ്ങിക്കഴിയുന്ന ഈ കുഞ്ഞുവീട്ടില്‍ 11 വര്‍ഷം​ ഒരുയുവതിയെ ഒളിച്ചുതാമസിപ്പിച്ചെന്ന്​ വീട്ടിലുള്ളവര്‍ക്ക്​ പോലും വിശ്വസിക്കാനായിട്ടില്ല. മൂന്നുമാസം മുന്‍പ് അയിലൂരിലെ വീട്ടില്‍ നിന്നു കാണാതായ റഹ്​മാനെ ചൊവ്വാഴ്ച ബന്ധുക്കള്‍ നെന്മാറ ടൗണില്‍ കണ്ടെത്തിയതോടെയാണ് 11 വര്‍ഷത്തെ ഒളിജീവിതം പുറത്തായത്.

മൂന്ന്​ മാസം മുന്‍പാണ്​ റഹ്​മാനെ കാണാതായത്​. ഇതിനിടെ ചൊവ്വാഴ്ച സഹോദരന്‍ ബഷീര്‍ നെന്‍മാറയില്‍ വെച്ച്‌ ഇയാളെ കണ്ടതോടെയാണ്​ നാടകീയമായ സംഭവങ്ങള്‍ ചുരുളഴിയുന്നത്​. ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന റഹ്​മാന്‍ ടിപ്പര്‍ ലോറി ഡ്രൈവറായ ബഷീറിനെ കണ്ടതും വേഗത കൂട്ടി. പിന്നാലെ ബഷീറും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നെന്‍മാറയില്‍ പരിശോധന നടക്കുന്നുണ്ടായിരുന്നു. പരിശോധനയ്ക്ക് നിന്ന പൊലീസുകാരോട് ആ ബൈക്ക് യാത്രികന്‍ കുഴപ്പക്കാരാണെന്നും പിടിക്കണമെന്നും ബഷീര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്​ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ത​ന്റെ ഭാര്യയുമായി വിത്തനശേരിയില്‍ വാടയ്ക്കു താമസിക്കുകയാണെന്ന മറുപടിയാണ്​ നല്‍കിയത്​. പിന്നീടാണ് ആര്‍ക്കും വിശ്വസിക്കാനാവാത്ത ആ 11 വര്‍ഷങ്ങളെക്കുറിച്ച്‌ റഹ്​മാന്‍ പറഞ്ഞത്.

സജിതയെ കാണാതായത് 2010ല്‍

2010 ഫെബ്രുവരി രണ്ട് മുതല്‍ സജിതയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നെന്മാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് സംശയമുള്ളവരെ ചോദ്യം ചെയ്തതില്‍ റഹ്​മാനുമുണ്ടായിരുന്നെങ്കിലും യുവതിയെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അയല്‍വാസി കൂടെയായ സജിതയെ താലി കെട്ടി വീട്ടില്‍ ആരുമറിയാതെ എത്തിച്ച റഹ്​മാന്‍ സ്വന്തം മുറിയില്‍ താമസിപ്പിച്ചു. കൗതുകം നിറഞ്ഞതും ത്രില്ലര്‍ സിനിമകളെ വെല്ലുന്നതുമായിരുന്നു പിന്നീടുള്ള സംഭവങ്ങള്‍. ഇലക്‌ട്രിക് ജോലികള്‍ അറിയാമായിരുന്ന റഹ്മാന്‍ ഒരു സ്വിച്ചിട്ടാല്‍ താഴുവീഴുന്ന രീതിയില്‍ വാതിലുകള്‍ സജ്ജീകരിച്ചു. പിന്നീട്​ മാനസിക വിഭ്രാന്തിയുള്ളയാളെപോലെ വീട്ടുകാരോട് പെരുമാറി. ആരോടും അടുപ്പമില്ലാതെ പെരുമാറിയ റഹ്മാന്‍ ഭക്ഷണം മുറിയില്‍ കൊണ്ടുപോയാണ്​ കഴിച്ചിരുന്നതെന്ന്​ വീട്ടുകാര്‍ പറയുന്നു.

മുറി തുറക്കാന്‍ ശ്രമിച്ചാല്‍ ഷോക്കടിക്കും

മുറി തുറക്കാന്‍ ശ്രമിച്ചവര്‍ക്ക്​ ഷോക്കടിച്ചതോടെ പിന്നീടാരും അതിന്​ ശ്രമിച്ചില്ല. ജനലഴികള്‍ മുറിച്ച്‌​ മരത്തടി ഘടിപ്പിച്ചു. ഒരു ഗ്ലാസ് ചായയല്ല, ഒരു ജഗ്ഗ് ചായ കുടിക്കുന്നവനാണ് താനെന്ന് പറഞ്ഞ് ജഗ്ഗില്‍ ചായഎടുത്തു കൊണ്ടു പോകും. മാനസിക നില തെറ്റിയ മകനെന്ന പരിഗണന ബാപ്പയും ഉമ്മയും നല്‍കി. ഇത്​ റഹ്മാന്‍ കൃത്യമായി ചൂഷണം ചെയ്​തു.

വീടിനു പുറത്തിറങ്ങുമ്ബോള്‍ മുറിയുടെ വാതില്‍ പൂട്ടിയിടും. മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. മകള്‍ മരിച്ചെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ആ മാതാപിതാക്കള്‍ക്കും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷവും എന്നാല്‍ ഇത്രയും കാലം വെറും നുറു മീറ്റര്‍ അപ്പുറത്ത് കണ്‍മുന്നില്‍ നിന്നകന്നു ജീവിച്ചതിന്റെ പരിഭവവും ഉണ്ട് അവര്‍ക്ക്.

ഇതിനിടെ റഹ്മാന്‍ അപ്രത്യക്ഷനായതോടെ 2021 മാര്‍ച്ച്‌ മൂന്നിന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ വിവരമൊന്നും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. ഓട്ടോ ഡ്രൈവറായും മറ്റു തൊഴിലുകളുമായി ഉപജീവനം കഴിയുന്നതിനിടെ തൊഴില്‍ കുറഞ്ഞതോടെയാണ് റഹ്മാന്‍ സജിതയെയും കൂട്ടി വാടക വീട്ടിലേക്ക് മാറിയതെനന്​ റഹ്​മാന്‍ പറയുന്നു.‌

‘വീട്ടുകാരോട് പറഞ്ഞിരുന്നെങ്കില്‍ നടപടിയാവുന്ന കേസല്ലേ’

പൊലീസ്​ വീട്ടിലെത്തിയതോടെ പ്രായപൂര്‍ത്തിയായ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഒരുമിച്ച്‌ താമസിക്കുന്നതെന്ന്​ മൊഴി നല്‍കി. പൊലീസ് ഇരുവരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു. വീട്ടുകാരോട് പറഞ്ഞിരുന്നെങ്കില്‍ നടപടിയാവുന്ന കേസല്ലേ ഉണ്ടായിരുന്നുള്ളൂ റഹ്മാനേ എന്ന് അറിയുന്നവരെല്ലാം ചോദിക്കുന്നു. അപ്പോഴും പ്രയാസങ്ങളും ദുരിതങ്ങളും ആവോളമുള്ള ആ കുഞ്ഞുവിട്ടീല്‍ ഈ തിരക്കഥ എങ്ങനെ പ്രാവര്‍ത്തികമായി എന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ 10 വര്‍ഷങ്ങളാണ് ഒറ്റമുറിക്കുള്ളില്‍ സജിതയും ഒളിജീവിതത്തിന്റെ ഭീതിയോടെ റഹിമാനും ജീവിച്ചു തീര്‍ത്തത്.