തൃശൂര്‍: ബി.ജെ.പി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകനായ ശങ്കു ടി. ദാസ്. വിഷയത്തില്‍ യുക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന് അഭിഭാഷകനായ ശങ്കു ടി. ദാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

അടിസ്ഥാന രഹിതവും അവാസ്തവികവും അസംബന്ധവുമായ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ അടുത്ത ദിവസം തന്നെ വക്കീല്‍ നോട്ടീസ് അയക്കുന്നതാണെന്ന് അഭിഭാഷകന്‍ ശങ്കു ടി. ദാസ് അറിയിച്ചു.

ശങ്കു ടി ദാസിന്‍റെ ഫേയ്സ്ബുക്ക് കുറിപ്പ്:

ബി.ജെ.പി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ക്ക് എതിരെ നടന്ന അപവാദ പ്രചാരണ വിഷയത്തില്‍ യുക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതവും അവാസ്തവികവും അസംബന്ധവുമായ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ അടുത്ത ദിവസം തന്നെ ലോയര്‍ നോട്ടീസ് അയക്കുന്നതാണ്.

സന്ദീപ് വാര്യരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന പ്രചാരണങ്ങളെ തള്ളി പൊതുപ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ എ.എച്ച്‌ ഹഫീസ് നേരത്തേ രംഗത്തെത്തിയിരുന്നു. സന്ദീപ് വാര്യരെയും ബി.ജെ.പിയിലെ ഒരു വനിതാ നേതാവിനെയും ചേര്‍ത്ത് ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയായിരുന്നു ഹഫീസിന്‍റെ കുറിപ്പ്. തൃശൂരിലെ ബി.ജെ.പിയുടെ നേതാവും നഗരസഭ കൗണ്‍സിലറുമായ ഒരു വനിതാ നേതാവിന്റെ ഭര്‍ത്താവ് മദ്യപിച്ചെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്നും ഇതിനെ മസാല കലര്‍ത്തി വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നതെന്നുമാണ് ഹഫീസ് കുറിപ്പില്‍ പറഞ്ഞത്.