ന്യൂഡല്‍ഹി: രാജ്യതലസ്ഥാന നഗരത്തിന്റെ വികസനം പരിസ്ഥിതി സംരക്ഷണത്തെ മുന്‍നിര്‍ത്തി മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍. 2041 ലക്ഷ്യമാക്കിയുള്ള ഭൗമശാസ്ത്ര സംബന്ധമായ പഠനത്തിനനുസരിച്ചാണ് എല്ലാ മാറ്റവും വരുത്തുകയെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ജിയോഗ്രാഫിക് ഇന്‍ഫോര്‍മേഷന്‍ ( ജി.ഐ.എസ്) സംവിധാനത്തിന്റെ ചട്ടക്കൂടി ലൊതുങ്ങി നിന്നുള്ള വികസനമാണ് നടപ്പാക്കുക. ഡല്‍ഹിയിലെ പുരാതനമായ സ്മാരകങ്ങളും പരിസരങ്ങളും കൂടുതല്‍ പരിസ്ഥിതി അനുകൂലമാക്കി മാറ്റാനും നഗരത്തിലെ ഗതാഗത സംവിധാനത്തെ പരിസ്ഥിതി ലോലമേഖലകളില്‍ നിന്നും അകറ്റിയുമുള്ള സമഗ്രപദ്ധതിയാണ് നടപ്പാവുക.

പാര്‍ലമെന്റ് മന്ദിരമടക്കം പുതുക്കിപ്പണിയുന്ന സെന്‍ട്രല്‍ വിസ്റ്റ സംബന്ധമായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പദ്ധതിയില്‍ ഡല്‍ഹിയുടെ സമഗ്രവികസനമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഭൗമശാസ്ത്രപരമായതും പാരിസ്ഥിതികവുമായ എല്ലാ മാറ്റങ്ങളും അപ്പപ്പോള്‍ അറിയാനും ശേഖരിക്കാനുമുള്ള ഡിജിറ്റല്‍ സാങ്കേതിക സംവിധാനം എല്ലായിടത്തും സ്ഥാപിക്കാനും ധാരണയായി. ഒരോ അഞ്ചുവര്‍ഷത്തിലും ലഭിക്കുന്ന വിവരങ്ങള്‍ പുന:പ്പരിശോധിക്കുകയും പുതിയവിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഡല്‍ഹി വികസന അതോറിറ്റി പൂര്‍ണ്ണമായും ശ്രദ്ധിക്കേണ്ട പദ്ധതിയുടെ എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാക്കാനും തീരുമാനമായി.

ഡല്‍ഹിയുടെ ഭാഗമായ ഷാജഹാനാബാദ്, സെന്‍ട്രല്‍ വിസ്റ്റ, ഇന്ത്യാഗേറ്റ്, കൊണാട്ട് പ്ലേസ്, ഹൗസ് ഖാസ്, മെഹ്‌റൗളീ മാര്‍ക്കറ്റ് എന്നിവയ്‌ക്കൊപ്പം ലോധി മേഖല, ദില്ലി ഹാട്, ദസ്താക്കര്‍ ഹാട്ട് എന്നിവയടക്കം ജനങ്ങള്‍ വന്‍ തോതിലെത്തുന്ന മേഖലയെല്ലാം സംരക്ഷിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക.