തിരുവനന്തപുരം: മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നുവെന്ന് സിപിഎം. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും കഴിയില്ല. അതുകൊണ്ടാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതെന്നും ഇത് ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കുമെന്നും സിപിഎം പ്രസ്താവനയില്‍ അറിയിച്ചു.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നത് നിയമ സംവിധാനത്തോടും, ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്. മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വ്യക്തമാകുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് പറയുന്നതിന് തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് മറ്റൊരു പ്രതിയായ ശിവശങ്കറും കോടതിയില്‍ തന്നെ വ്യക്തമാക്കിരുന്നു. മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ലക്ഷ്യം വെച്ചുള്ള തിരക്കഥക്കയ്ക്കനുസരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് സിപിഎം ആരോപിച്ചു.

ബി.ജെ.പി – യു.ഡി.എഫ് കൂട്ടുകെട്ടിന്റെ ഉപകരണമായി അധപതിച്ച കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ജീവിത പുരോഗതിക്കും സമര്‍പ്പണത്തോടെ, സമാനതകളില്ലാതെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും ലക്ഷ്യം വെച്ചുള്ള കുറ്റകരമായ നീക്കത്തിനെതിരെ കക്ഷി-രാഷ്ട്രീയത്തിനതീതമായി ജനങ്ങളാകെ രംഗത്തിറങ്ങണമെന്നും സിപിഎം ആവശ്യപ്പെട്ടു.