കോട്ടയം: മീനച്ചില്‍ റിവര്‍ വാലി പദ്ധതിയുടെ വിവിധ പദ്ധതി പ്രദേശങ്ങളില്‍ ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തി. സൂപ്രണ്ടിങ് എഞ്ചിനീയര്‍ ശ്രീകലയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീല അശോകന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു ദിവാകരന്‍,അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍,മറ്റ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്,മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ, പഞ്ചായത്ത് അംഗങ്ങളായ അജിത്ത് ജോര്‍ജ്, ജോളി തോമസ്,ജിന്‍സി ഡാനിയേല്‍ എന്നിവരും ഉദ്യോഗസ്ഥരോടൊപ്പം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പദ്ധതിയുടെ ഭാഗമായി ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളായ കളത്തൂക്കടവ് രണ്ടാറ്റുമുന്നി, ചകിണിയാംതടം റെഗുലേറ്റര്‍ കം ബ്രിഡ്ജ്, ചില്ലിചി ചെക്ക്ഡാം കം ബ്രിഡ്ജ്,മലങ്കര ഡാമില്‍ നിന്നും വെള്ളം എത്തിക്കുന്ന മൂന്നിലവ് ടൗണിനോട് ചേര്‍ന്ന തുരങ്ക പദ്ധതി പ്രദേശം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തിയത്.